‘മനുഷ്യർ ആയുധമെടുത്തു കുത്തി മരിക്കുന്നതിനെക്കാൾ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധിക്കുന്നത്’; ചുംബന സമരത്തെ പിന്തുണച്ച് എം.ബി.രാജേഷ്

ചുംബന സമരത്തെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ. ദേശീയ ജനറൽ സെക്രട്ടറിയും പാലക്കാട് എം.പിയുമായ എം.ബി രാജേഷും രംഗത്ത്. ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാൽ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരിൽ ആർക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
 | 
‘മനുഷ്യർ ആയുധമെടുത്തു കുത്തി മരിക്കുന്നതിനെക്കാൾ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധിക്കുന്നത്’; ചുംബന സമരത്തെ പിന്തുണച്ച് എം.ബി.രാജേഷ്

 

കൊച്ചി: ചുംബന സമരത്തെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ. ദേശീയ ജനറൽ സെക്രട്ടറിയും പാലക്കാട് എം.പിയുമായ എം.ബി രാജേഷും രംഗത്ത്. ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാൽ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരിൽ ആർക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

എതിർപ്പുള്ളവർക്ക് അത് വച്ചുപുലർത്താം. എന്നാൽ തങ്ങൾക്ക് എതിർപ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ല. ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ലെന്നും രാജേഷ് പറയുന്നു. ‘ഏതാനും വർഷം മുമ്പ് മണിപ്പൂരിൽ മനോരമ സിംഗ് എന്ന സാധു യുവതിയെ സൈനികർ വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഒരു സംഘം സ്ത്രീകൾ നഗ്‌നരായി സൈനിക ആസ്ഥാനത്തിനു മുന്നിൽ നടത്തിയ പ്രതിഷേധം ലോകമന:സാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. ആ നഗ്‌ന പ്രതിഷേധത്തിൽ അശ്ലീലം കാണാൻ മന:സാക്ഷിയും സംസ്‌കാരവും നീതിബോധവുമുള്ള ആർക്കും കഴിഞ്ഞില്ല. പിന്നെ കേരളത്തിലെ ആദ്ധ്യാത്മിക വ്യക്തിത്വങ്ങൾ എന്ന് അവകാശപെടുന്നവർ പോലും സ്‌നേഹസാന്ത്വനങ്ങൾ പ്രകടിപ്പിക്കുന്നത് പരസ്യ ആലിംഗനങ്ങളിലൂടെയും പരസ്യ ചുംബനങ്ങളിലൂടെയുമാണല്ലോ. അതിൽ പ്രതിഷേധിക്കാതിരിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്യുന്നവർ എന്തേ മറ്റുള്ളവർക്ക് ആ അവകാശം നൽകുന്നില്ല…?’ എം.ബി. രാജേഷ് ചോദിക്കുന്നു.

രാഷ്ട്രനേതാക്കളും ആൾദൈവങ്ങളും മുതൽ ലോകമെമ്പാടുമുള്ള മനുഷ്യരാകെ സ്‌നേഹവും ആദരവും സൌഹൃദവും പ്രകടമാക്കാൻ ഉപയോഗിക്കുന്ന സാർവത്രിക ഉപാധിയാണ് പരസ്യ ആലിംഗനവും ചുംബനവും എന്ന് കൂടി ഓർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘എന്തായാലും മനുഷ്യർ ആയുധമെടുത്തു കുത്തിമരിക്കുന്നതിനെക്കാൾ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.’ രാജേഷ് തന്റെ പോസ്റ്റിൽ പറയുന്നു.

ചുംബന സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി.ബൽറാം രംഗത്തെത്തിയിരുന്നു. നിയമങ്ങൾ വളച്ചൊടിച്ചും സദാചാരഗുണ്ടകളെ കയറൂരി വിട്ടും സമാധാനപരമായ ഒത്തുചേരലിനെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് ബൽറാം ഫേസ്ബുക്കിലൂടെ പറഞ്ഞു.