ഫേസ്ബുക്ക് കമന്റ്: അറസ്റ്റ് ഭയന്ന് യുവാവിന്റെ ആത്മഹത്യാ ശ്രമം

ഫേസ്ബുക്ക് കമന്റിന്റെ പേരിൽ അറസ്റ്റ് ഭയന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
 | 
ഫേസ്ബുക്ക് കമന്റ്: അറസ്റ്റ് ഭയന്ന് യുവാവിന്റെ ആത്മഹത്യാ ശ്രമം

 

ബംഗളൂരു: ഫേസ്ബുക്ക് കമന്റിന്റെ പേരിൽ അറസ്റ്റ് ഭയന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക രക്ഷണ വേദിക എന്ന സംഘടനയുടെ അദ്ധ്യക്ഷൻ നാരായണ ഗൗഢയെകുറിച്ചായിരുന്നു യുവാവിന്റെ കമന്റ്. 36 കാരനായ ഹരീഷാണ് ഗൗഢയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റ് ഫേസ്ബുക്കിലിട്ടത്.

കഴിഞ്ഞ മാസം 3 ന് തനിക്ക് മനോവിഷമമുണ്ടാക്കുന്ന തരത്തിലുള്ള കമന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കാണിച്ച് ഗൗഢ ഹരീഷിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി ആക്ട് 66(A) നിയമപ്രകാരം ഹരീഷിനെതിരെ പോലീസ് കേസെടുത്തു.

പോലീസ് ഹരീഷിന്റെ വീട്ടിൽ എത്തിയ ഉടൻ ഇയാൾ തന്റെ മുറിയിൽ കയറി വാതിലടച്ച് കയറിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ രക്ഷിച്ച് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചു. ഹരീഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചപ്പോൾ ആക്ഷേപപരമായ കമന്റുകൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി പോയപ്പോഴായിരുന്നു അറസ്റ്റ് ഭയന്ന് ഹരീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.