വിവാദമായി; പന്തളം സുധാകരൻ പോസ്റ്റ് പിൻവലിച്ചു

കെ.എം മാണിയെ കുറിച്ചുള്ള ഫേസ്ബുക്ക് പരാമർശം വിവാദമായതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റ് ശുദ്ധ അസംബദ്ധമാണെന്ന പ്രതികരണവുമായി കേരള കോൺഗ്രസ് (എം) നേതാക്കൾ രംഗത്തെത്തിയതോടെയാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന. മാണിക്ക് വിശ്രമിക്കാൻ അവസരം നൽകണമെന്നും ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നുമായിരുന്നു സുധാകരന്റെ പോസ്റ്റ്. തന്റെ അഭിപ്രായം വ്യക്തിപരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

വിവാദമായി; പന്തളം സുധാകരൻ പോസ്റ്റ് പിൻവലിച്ചു
തിരുവനന്തപുരം: കെ.എം മാണിയെ കുറിച്ചുള്ള ഫേസ്ബുക്ക് പരാമർശം വിവാദമായതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റ് ശുദ്ധ അസംബദ്ധമാണെന്ന പ്രതികരണവുമായി കേരള കോൺഗ്രസ് (എം) നേതാക്കൾ രംഗത്തെത്തിയതോടെയാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന. മാണിക്ക് വിശ്രമിക്കാൻ അവസരം നൽകണമെന്നും ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നുമായിരുന്നു സുധാകരന്റെ പോസ്റ്റ്. തന്റെ അഭിപ്രായം വ്യക്തിപരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മാണിയെക്കുറിച്ചുള്ള സുധാകരന്റെ പോസ്റ്റ് മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി. എന്നാൽ അതെല്ലാം ഭേദിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ ചെറുത്തുനിൽപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യു.ഡി.എഫിനു മുന്നിൽ വിജയശ്രീലാളിതനായി നിൽക്കുകയാണ് കെ.എം മാണിയെന്നും സുധാകരൻ തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു.

കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ഇക്കഴിഞ്ഞ നാളുകളിൽ ശാരീരികമായും മാനസികമായും അദ്ദേഹത്തിനേറ്റ
ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊർജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദ്ദേശം നൽകണം. അതിനിടയിൽ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീർച്ചയായും സാധിക്കുമെന്നും സുധാകരൻ പോസ്റ്റിൽ പറഞ്ഞിരുന്നു.

ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരള രാഷ്ട്രീയത്തിലെ സംഘർഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തൽക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യു.ഡി.എഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണമെന്നും പന്തളം തന്റെ സ്റ്റാറ്റസിൽ കുറിച്ചിരുന്നു.