ഇരിക്കൽ സമരം: തൃശൂർ പ്രസ് ക്ലബിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ മാർച്ച് നടത്തി

കല്ല്യാൺ സാരീസിനെതിരായി തൃശൂരിൽ നടക്കുന്ന ഇരിക്കൽ സമരത്തിന് പിന്തുണയർപ്പിക്കാനെത്തിയ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകൾ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തി. പത്രങ്ങളും ടെലിവിഷനുകളുമടക്കം എല്ലാ മാധ്യമങ്ങളും കല്ല്യാൺ സാരീസ് സമരത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കാതെ മാനേജ്മെന്റ് പക്ഷ നിലപാടെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
 | 

ഇരിക്കൽ സമരം: തൃശൂർ പ്രസ് ക്ലബിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ മാർച്ച് നടത്തി
തൃശൂർ: കല്ല്യാൺ സാരീസിനെതിരായി തൃശൂരിൽ നടക്കുന്ന ഇരിക്കൽ സമരത്തിന് പിന്തുണയർപ്പിക്കാനെത്തിയ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകൾ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തി. പത്രങ്ങളും ടെലിവിഷനുകളുമടക്കം എല്ലാ മാധ്യമങ്ങളും കല്ല്യാൺ സാരീസ് സമരത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കാതെ മാനേജ്‌മെന്റ് പക്ഷ നിലപാടെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടതിനേത്തുടർന്ന് 60 ദിവസത്തിലധികമായി നടക്കുന്ന സമരത്തെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മാർച്ചിന് നേതൃത്വം കൊടുത്ത ലാസർ ഷൈൻ പറഞ്ഞു. ഇതിനിടെ സമരം നടത്തുന്ന സ്ത്രീകൾ ഒരു വാർത്താ സമ്മേളനവും നടത്തിയിരുന്നു. അതിന്റെ ഫീസ് ഇനത്തിൽ 1500 രൂപ ഈടാക്കിയെങ്കിലും സിങ്കിൾ കോളം വാർത്ത നൽകാൻ പോലും പത്രങ്ങൾ തയ്യാറായില്ല. ഈ തുക തിരിച്ചു നൽകാൻ പ്രസ് ക്ലബ് തയ്യാറാകണമെന്ന് ലാസർ ആവശ്യപ്പെട്ടു.

ഞായറാഴ്ച ആയിരുന്നതിനാൽ പ്രസ് ക്ലബ് തുറന്നിരുന്നില്ല. രണ്ട് പ്ലക്കാർഡുകൾക്ക് പിന്നിലായി നിവേദനം എഴുതി, എല്ലാവരും ഒപ്പിട്ട ശേഷം പ്രസ് ക്ലബ് സെക്രട്ടറിയുടെ പേരെഴുതി ഷട്ടറിനകത്ത് കൂടി ഇട്ട ശേഷമാണ് സമരക്കാർ മടങ്ങിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം പേരാണ് സമരത്തിൽ പങ്കെടുത്തത്. നേരത്തേ കല്ല്യാൺ ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകൾക്ക് മുന്നിൽ പ്രകടനമായി എത്തി മുദ്രാവാക്യങ്ങൾ വിളിച്ച ശേഷമായിരുന്നു പ്രവർത്തകർ പ്രസ് ക്ലബ്ബിൽ എത്തിയത്.