റോജി സമരം; ഓൺലൈൻ പത്രങ്ങളിൽ കമന്റിട്ട് പ്രതിഷേധം

റോജി റോയിയുടെ മരണം സംബന്ധിച്ചുള്ള വസ്തുതകൾ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിൽ കമന്റിട്ട് പ്രതിഷേധം. മരണത്തിന്റെ കാരണം സംബന്ധിച്ചുള്ള വാർത്തകൾ നൽകുന്നില്ലെന്ന് ആരോപിച്ചാണ് ഒരു കൂട്ടമാളുകൾ മനോരമ, മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങളുടെയും ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ, റിപ്പോർട്ടർ, മീഡിയ വൺ ചാനലുകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് നേരെയുമാണ് കമന്റ് പ്രതിഷേധം.
 | 
റോജി സമരം; ഓൺലൈൻ പത്രങ്ങളിൽ കമന്റിട്ട് പ്രതിഷേധം

കൊച്ചി:
റോജി റോയിയുടെ മരണം സംബന്ധിച്ചുള്ള വസ്തുതകൾ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിൽ കമന്റിട്ട് പ്രതിഷേധം. മരണത്തിന്റെ കാരണം സംബന്ധിച്ചുള്ള വാർത്തകൾ നൽകുന്നില്ലെന്ന് ആരോപിച്ചാണ് ഒരു കൂട്ടമാളുകൾ മനോരമ, മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങളുടെയും ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ, റിപ്പോർട്ടർ, മീഡിയ വൺ ചാനലുകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് നേരെയുമാണ് കമന്റ് പ്രതിഷേധം.

റോജിയുടേത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. കോർപ്പറേറ്റ് മുതലാളിമാരാണ് റോജിയുടെ മരണത്തിന് കാരണക്കാരെന്നും അത്തരക്കാരെ ചോദ്യം ചെയ്യാൻ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും തയ്യാറാവുന്നില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരം കമന്റുകൾ വന്ന് തുടങ്ങിയിരുന്നെങ്കിലും ഇന്ന് മുതൽ ഇവയുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ആയിരക്കണക്കിനാളുകളാണ് മാധ്യമങ്ങൾ ഷെയർ ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിയിലും കമന്റ് ചെയ്യുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രി നഴ്‌സിംഗ് കോളജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിനിയായിരുന്ന റോജി റോയിയെ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. എന്നാൽ റോജി ആത്മഹത്യ ചെയ്തതാണെന്ന ആശുപത്രി മാനേജ്മന്റിന്റെ വിശദീകരണം വിശ്വസിക്കാൻ കഴിയില്ലെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ക്രൈംഡിറ്റാച്ച്‌മെന്റ് എസ്പി ബൈജുവിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. കൊല്ലം കുണ്ടറ നല്ലിലയിലുളള റോജി റോയിയുടെ വീട്ടിലെത്തിയ പോലീസ് സംഘം ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തിരുന്നു. റോജിയുടെ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത അച്ഛൻ റോയി, അമ്മ സജിത എന്നിവരിൽ നിന്നാണ് സംഘം ആദ്യം മൊഴിയെടുത്തത്.