പ്രാദേശിക മാധ്യമങ്ങള്‍ക്ക് ലേഖകരേയും ഉളളടക്കവും വാഗ്ദാനം ചെയ്ത് ബിബിസി

പ്രാദേശിക പത്രങ്ങള്ക്ക് ജീവനക്കാരെയും ഉളളടക്കങ്ങളും നല്കി സഹായിക്കാമെന്ന് ബിബിസിയുടെ വാഗ്ദാനം. എതിരാളികളുടെ ഷോകളും തങ്ങളുടെ ഐപ്ലയര് സംവിധാനത്തിലൂടെ കാണുന്നതിനുളള സൗകര്യം ഒരുക്കാമെന്ന വാഗ്ദാനവും ഉണ്ട്.
 | 
പ്രാദേശിക മാധ്യമങ്ങള്‍ക്ക് ലേഖകരേയും ഉളളടക്കവും വാഗ്ദാനം ചെയ്ത് ബിബിസി

ലണ്ടന്‍: പ്രാദേശിക പത്രങ്ങള്‍ക്ക് ജീവനക്കാരെയും ഉളളടക്കങ്ങളും നല്‍കി സഹായിക്കാമെന്ന് ബിബിസിയുടെ വാഗ്ദാനം. എതിരാളികളുടെ ഷോകളും തങ്ങളുടെ ഐപ്ലയര്‍ സംവിധാനത്തിലൂടെ കാണുന്നതിനുളള സൗകര്യം ഒരുക്കാമെന്ന വാഗ്ദാനവും ഉണ്ട്. ബിബിസിയുടെ പരിപാടികള്‍ വെട്ടിക്കുറയ്ക്കാനുളള സര്‍ക്കാര്‍ തീരുമാനം മറികടക്കാനാണ് കോര്‍പ്പറേഷന്റെ പുത്തന്‍ ആശയങ്ങള്‍.

നിയമഭേദഗതിയ്ക്കുളള സര്‍ക്കാരിന്റെ ആദ്യ നിര്‍ദേശത്തിനുളള മറുപടിയായാണ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ടോണിഹാള്‍ പങ്കാളിത്ത പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രാദേശിക പത്രങ്ങള്‍ക്ക് പുറമെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിന് ബിബിസി ശ്രമിയ്ക്കുന്നു. കൂടുതല്‍ നിലവാരമുളള പരിപാടികള്‍ നിര്‍മിക്കുന്നതിനും ലോകമെമ്പാടും സേവനങ്ങള്‍ എത്തിക്കുന്നതിനുമായി കൂടുതല്‍ നിക്ഷേപത്തിനും ബിബിസി നീക്കം നടത്തുന്നുണ്ട്.

പുത്തന്‍ നീക്കത്തിലൂടെ നൂറോളം പ്രാദേശിക ലേഖകന്‍മാരും പുതിയ ഡേറ്റ ഹബ്ബും നെറ്റ് വര്‍ക്കും കോര്‍പ്പറേഷന് ലക്ഷക്കണക്കിന് പൗണ്ട് ബാധ്യതയുണ്ടാക്കും. സൗജന്യ ലൈസന്‍സിനുളള കരാര്‍ വഴി ഇതിനകം തന്നെ കോര്‍പ്പറേഷന്റെ ചുമലില്‍ 7500ലക്ഷം പൗണ്ടിന്റെ അധിക ബാധ്യതയുണ്ട്. ബിബിസി മൃതാവസ്ഥയിലാണെന്ന ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിന്റെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം വരെയെങ്കിലും ജീവനക്കാരെ പിരിച്ച് വിടില്ലെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ മൂലം ബിബിസി4ഉം റേഡിയോ സേവനങ്ങളും ആശങ്കയിലാണ്.

അതേസമയം ബിബിസിയെ എങ്ങനെ പരിഷ്‌ക്കരിക്കുമെന്നതിനെക്കുറിച്ച് ഹാള്‍ തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. പങ്കാളിത്തത്തിലേക്ക് നീങ്ങാനുളള കൃത്യമായ സൂചനകളാണ് അദ്ദേഹം നല്‍കുന്നത്. സാങ്കേതികത നമുക്ക് വ്യത്യസ്തമായ ധാരാളം അവസരങ്ങള്‍ തുറന്ന് നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടണ് മൊത്തത്തില്‍ കൂടുതല്‍ നല്‍കുകയാണ് ബിബിസിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതല്‍ പങ്കാളിത്തത്തോടെയും ക്രിയാത്മക വ്യവസായത്തിലൂടെയും ആശയസേവനങ്ങളും ഐപ്ലേയും പ്രാദേശിക വാര്‍ത്തകളും സഹകരണവും രാജ്യത്തിനകത്തും പുറത്തും നല്‍കാനാണ് കോര്‍പ്പറേഷന്റെ ശ്രമം. കൂടുതല്‍ വ്യത്യസ്തമായ ഒരുബിബിസിയാകും ഇനി നിങ്ങളുടെ മുന്നിലെത്തുക.

തുറന്ന പുതിയ ബിബിസി മറ്റ് സംഘടനകളുമായി പങ്കാളിത്തത്തിലേര്‍പ്പെടും. ഇതിന് പ്രേക്ഷകരുമായി ഒരു പുതിയ ബന്ധം ഉണ്ടാകും. പുതിയ ബിബിസി ജനങ്ങളെ വിവരങ്ങളറിയിക്കുകയും പഠിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ബിബിസി ബ്രിട്ടന്റെ നന്മയ്ക്ക് വേണ്ടിയാകും. പ്രാദേശിക ജനാധിപത്യത്തെയും വിശ്വാസ്യതയെയും ഇത് ഉയര്‍ത്തിപ്പിടിക്കുമെന്നും ഹാള്‍ വാഗ്ദാനം ചെയ്യുന്നു.