ബി.ജെ.പിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം; പ്രമുഖർ പ്രതികരിക്കുന്നു

ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടിയിൽ നിന്നും ഒരു വാർത്താ ചാനലിന്റെ റിപ്പോർട്ടറേയും ക്യാമാറാമാനേയും ഇറക്കിവിടുക എന്നത് കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കഴിഞ്ഞ ദിവസം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ബി.ജെ.പിയുടെ പരിപാടിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സംഘാടകർ പുറത്താക്കി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയായിരുന്നു അത്. അതിനും രണ്ട് ദിവസം മുൻപ് കോട്ടയത്ത് ചേർന്ന ബി.ജെ.പി. സംസ്ഥാന സമിതിയാണ് ഏഷ്യാനെറ്റിനെ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
 | 

വർഗീസ് ആന്റണി

ബി.ജെ.പിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം; പ്രമുഖർ പ്രതികരിക്കുന്നു

 

ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടിയിൽ നിന്നും ഒരു വാർത്താ ചാനലിന്റെ റിപ്പോർട്ടറേയും ക്യാമാറാമാനേയും ഇറക്കിവിടുക എന്നത് കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കഴിഞ്ഞ ദിവസം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ബി.ജെ.പിയുടെ പരിപാടിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സംഘാടകർ പുറത്താക്കി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയായിരുന്നു അത്. അതിനും രണ്ട് ദിവസം മുൻപ് കോട്ടയത്ത് ചേർന്ന ബി.ജെ.പി. സംസ്ഥാന സമിതിയാണ് ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പാർട്ടിയുടെ വളർച്ചയെ തടയുന്ന വിധം നിഷേധാത്മകമായ റിപ്പോർട്ടിംഗാണ് ഏഷ്യാനെറ്റ് നടത്തുന്നതെന്ന് അന്ന് വി.മുരളീധരൻ വിശദീകരിച്ചു.

തൃശൂരിൽ ബി.ജെ.പിയുടെ പരിപാടിയിൽ നിന്ന് ഒരു ചാനൽ പുറത്താക്കപ്പെട്ടപ്പോൾ അതിനോട് പ്രതികരിക്കാൻ പത്രപ്രവർത്തക സമൂഹം തയ്യാറായില്ല. മറ്റു ചാനലുകളും പത്രങ്ങളും ആ പരിപാടി റിപ്പോർട്ട് ചെയ്യുകയും പുറത്താക്കലിനേക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്തു. ഒരു ജനാധിപത്യ സമൂഹത്തിൽ മാധ്യമ സ്ഥാപനങ്ങളെ അനിഷ്ടകരമായ റിപ്പോർട്ടിംഗിന്റെ പേരിൽ ബഹിഷ്‌കരിക്കുന്നത് എന്ത് തരം പ്രവണതയാണ്? ഭീഷണിയുടെ മുൾമുനയിൽ ഇങ്ങനെ ഒരു മാധ്യമത്തെ നിർത്തുന്നത് ശരിയാണോ? മറ്റ് മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും റോളുണ്ടോ? ഇക്കാര്യങ്ങൾ ഞങ്ങൾ കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരോട് ചോദിച്ചു.

ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാർ ഇക്കാര്യത്തിൽ പ്രതികരിച്ചു. മാധ്യമ നിരീക്ഷകനായ അഡ്വ. ജയശങ്കറും ഏഷ്യാനെറ്റ് എഡിറ്റർ എം.ജി.രാധാകൃഷണനും തങ്ങളുടെ അഭിപ്രായം ന്യൂസ് മൊമന്റ്‌സുമായി പങ്കുവച്ചു. അവരുടെ പ്രതികരണങ്ങൾ താഴെ വായിക്കാം.

ഏഷ്യാനെറ്റിനെ ഇറക്കിവിടുമ്പോൾ മറ്റ് മാധ്യമങ്ങൾ മിണ്ടാതിരിക്കുന്നത് ശരിയല്ല: ശശികുമാർ

ബി.ജെ.പിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം; പ്രമുഖർ പ്രതികരിക്കുന്നുഒരു മാധ്യമ സ്ഥാപനത്തെ ബഹിഷ്‌കരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി തീരുമാനിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വാർത്താ മാധ്യമങ്ങളുടെ സ്വാതന്ത്രത്തെക്കുറിച്ച് സമീപകാലത്ത് ഏറ്റവുമധികം സംസാരിച്ചട്ടുളളത് ബി.ജെ.പി നേതാക്കളാണ്. പാർലമെന്റ തെരഞ്ഞെടുപ്പിന് മുൻപ് രവിശങ്കർ പ്രസാദും പ്രകാശ് ജാവ്‌ദേക്കറും ഉൾപ്പെടെയുളള ബി.ജെ.പിയുടെ വക്താക്കൾ കോൺഗ്രസ് കാലാകാലങ്ങളിൽ മാധ്യമങ്ങളെ അടക്കി ഭരിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്തതിനെക്കുറിച്ച് വാചാലരായിരുന്നു.

ജയപ്രകാശ് നാരായണനൊപ്പം നിന്ന്, അടിയന്തരാവസ്ഥക്കാലത്തും മറ്റും മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിച്ചവരാണ് തങ്ങളെന്ന് അവർ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇത് കുറച്ചൊക്കെ ശരിയുമാണ്. കാരണം ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ് മാധ്യമങ്ങളുടെ വായ മൂടാൻ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്.

ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ കാലത്ത് കോൺഗ്രസുകാർ ചെയ്തതുപോലെ മാധ്യമങ്ങൾക്കെതിരായ നിഷേധ നിലപാട് എടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ച പ്രവണതയല്ല. ആ പാർട്ടിക്ക് ഏഷ്യാനെറ്റിനേക്കുറിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് അവരുടെ എഡിറ്റോറിയൽ വിഭാഗത്തെ അറിയിക്കുകയാണ് വേണ്ടത്. അവരുടെ പരിപാടിയിൽ നിന്നും റിപ്പോർട്ടറെ ഇറക്കിവിടുക എന്നൊക്കെ പറയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണ്.

ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമ സമൂഹത്തിന് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. ഇതിൽ മിണ്ടാതിരിക്കുന്നത് ശരിയായ നിലപാടല്ല. ടെലിവിഷൻ ചാനലുകളും പത്രങ്ങളുമെല്ലാം ജനാധിപത്യത്തിന്റെ ശക്തികളാണ്. അവയെ വേറിട്ട് കാണുന്നത് ശരിയല്ല. വാർത്താ മാധ്യമങ്ങൾ എന്ന നിലയിലാണ് എല്ലാത്തിനേയും കാണേണ്ടത്, ഒരു ചാനലിന് ഒരു പ്രതിസന്ധി വരുമ്പോൾ മിണ്ടാതിരിക്കുന്നവർ ഓർക്കേണ്ട കാര്യം. അവർ നാളെ നിങ്ങൾക്ക് നേരെ വരും എന്നതാണ്. എല്ലാവർക്കും ഒരുമിച്ച് നിന്ന് ഇക്കാര്യത്തിൽ പ്രതിഷേധിക്കണമെന്നാണ് എന്റെ അഭിപ്രായം.

എതിർപ്പുണ്ടെങ്കിൽ അവരുടെ ചർച്ചയിൽ പറയണം: ജയശങ്കർ

ബി.ജെ.പിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം; പ്രമുഖർ പ്രതികരിക്കുന്നു  മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതിന് മുൻപ് രണ്ട് പ്രധാന ബഹിഷ്‌കരണങ്ങൾ നടന്നിട്ടുണ്ട്. അതിൽ ആദ്യത്തേത് കത്തോലിക്കാ സഭയുടെ വകയായിരുന്നു. അധികം ചാനലുകളൊന്നും വന്നിട്ടില്ലാത്ത കാലത്തായിരുന്നു അത്. ഏഷ്യാനെറ്റ് ചാനലിലെ സിനിമാല എന്ന പരിപാടിയിൽ അഭയാ കേസ് ഒരിക്കൽ വിഷയമായി. സഭയെ കുറ്റപ്പെടുത്തുന്ന രീതിയിൽ എന്തോ പരാമർശമുണ്ടായെന്ന് ആരോപിച്ച് ചാനൽ ബഹിഷ്‌ക്കരിക്കാൻ സഭ ആഹ്വാനം ചെയ്തു. പക്ഷേ കാര്യമൊന്നുമുണ്ടായില്ല. ഒന്നുകിൽ ഏഷ്യാനെറ്റ്. അല്ലെങ്കിൽ സൂര്യ ടി.വി എന്നതായിരുന്നു അന്നത്തെ അവസ്ഥ. പിറ്റേ ഈസ്റ്ററിന് സകലമാന കത്തോലിക്കരും കുരിശ് വരച്ച ശേഷം ഏഷ്യാനെറ്റ് കണ്ട് ആഹ്വാനം കാറ്റിൽപ്പറത്തി. സഭാ നേതാക്കൾ ഇളിഭ്യരായി.

രണ്ടാമത്തെ പ്രധാന ബഹിഷ്‌ക്കരണം 2006 ലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. കോൺഗ്രസുകാർ ഒന്നടങ്കം ഇന്ത്യാവിഷൻ ചാനലിനെ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചു. അത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തെക്കൻ കേരളത്തിലെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നികേഷ് കുമാർ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചതായിരുന്നു കോൺഗ്രസുകാരെ പ്രകോപിതരാക്കിയത്. ഇടതുമുന്നണി ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചിച്ചത്. എം.കെ.മുനീർ ഉൾപ്പെടെയുള്ളവർ എക്‌സിറ്റ് പോളിനെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടും കോൺഗ്രസുകാർ അടങ്ങിയില്ല. ഒടുവിൽ രണ്ടാംഘട്ട വോട്ടെടുപ്പും സമാപിച്ചു. വോട്ടെണ്ണിയപ്പോൾ ഇന്ത്യാവിഷൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. അതോടെ കോൺഗ്രസുകാരുടെ പരിഭവം അവസാനിച്ചു.

ഏഷ്യാനെറ്റിനോട് ബി.ജെ.പി.ക്കാർക്ക് എതിർപ്പുണ്ടെങ്കിൽ അവരുടെ ചർച്ചയിൽ പോയി അത് പറയുകയാണ് വേണ്ടത്. പി.സി.ജോർജ്ജിനേക്കുറിച്ച് വളരെ മോശമായ വാർത്ത റിപ്പോർട്ടർ ടി.വി കൊടുത്തിരുന്നു. അദ്ദേഹം അതിന് മറുപടി പറഞ്ഞത് റിപ്പോർട്ടർ ടി.വി.യുടെ ചർച്ചയിൽത്തന്നെയാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എന്നാലും ചർച്ചയിൽ പങ്കെടുക്കും എന്നാണ് പി.സി.ജോർജ്ജ് പറഞ്ഞത്. അതാണ് ശരിയായ രീതി.

കേരളത്തിലെ ബി.ജെ.പി.ക്കാർക്ക് അൽപ്പം കൂടി വിവരമുണ്ടെന്നാണ് കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്ന് മനസ്സിലായി. മുൻ ബഹിഷ്‌ക്കരണങ്ങളുടെ വിധി തന്നെയാണ് ഇതിനും വരാൻ പോകുന്നത്. അത് മുൻകൂട്ടിക്കാണാൻ കഴിവുള്ളവർ അവിടെയില്ലല്ലോ എന്നതാണ് സങ്കടകരം.

തലയിൽ ആൾത്താമസമുള്ള നേതാക്കൾ ബി.ജെ.പിയിലില്ല, അതുകൊണ്ടാണ് ബഹിഷ്‌കരണം: എം.ജി. രാധാകൃഷ്ണൻ

ബി.ജെ.പിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം; പ്രമുഖർ പ്രതികരിക്കുന്നുഏഷ്യാനെറ്റ് ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുന്നു എന്ന ആരോപണം നേരിട്ടുകൊണ്ടിരിക്കുമ്പോളാണ് ഈ ബഹിഷ്‌കരണം വരുന്നത്.
ആ തെറ്റിദ്ധാരണ മാറാൻ എന്തായാലും ഇത് സഹായിക്കും. ആ നിലക്ക് ഇത്തരം ഒരു തീരുമാനമെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് ഞങ്ങൾക്ക് നന്ദിയുണ്ട്. അതിലപ്പുറമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ജനാധിപത്യ വിരുദ്ധമായ ഒരു നടപടി എന്ന നിലയിലേ ഇതിനെ കാണാനാകു.

മാധ്യമങ്ങളെ ബഹിഷ്‌കരിക്കുക എന്നത് ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കാനാകാത്ത കാര്യമാണ്. ബി.ജെ.പി ഞങ്ങൾക്കെതിരായി പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്‌കരണം അത്തരത്തിലുള്ളതാണ്. ആ പാർട്ടിക്ക് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന് പൊതുവിൽ വിമർശിക്കപ്പെടാറുണ്ട്. കേന്ദ്രത്തിലുൾപ്പെടെ അധികാരത്തിലെത്തിയ സമയത്ത് ഇത്തരം ധിക്കാരപരമായ നടപടികൾ കൈക്കൊള്ളുന്നത് എന്നത് വിമർശനങ്ങളെ ബലപ്പെടുത്താനേ സഹായിക്കു.

കേരളത്തിൽ താരതമ്യനേ ദുർബലമായ പാർട്ടിയാണ് ബി.ജെ.പി. അത് നിരന്തരമായി ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ട് വളരുക എന്നതിന് പകരം ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ചാനലിനെ ബഹിഷ്‌കരിക്കുന്നത് ബുദ്ധിശൂന്യതയാണ്. അതു കൊണ്ട് അവർക്ക് മാത്രമേ നഷ്ടമുണ്ടാകു. ഞങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും വിമർശനങ്ങൾ കാലാകാലങ്ങളിൽ നേരിടേണ്ടി വന്നിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്.

ഗൾഫിൽ ചില മതമൗലികവാദ സംഘടനകൾ അടുത്ത കാലത്ത് ഏഷ്യാനെറ്റ് ന്യൂസിനെതിരായി കുപ്രചരണങ്ങൾ നടത്തിയിരുന്നു. ബി.ജെ.പി അനുകൂല നിലപാട് ഏഷ്യാനെറ്റ് ന്യൂസിനുണ്ടെന്നായിരുന്നു അത്തരക്കാരുടെ പ്രചരണം. മുൻപ് ഇടത്പക്ഷം ഞങ്ങൾക്കെതിരായി രംഗത്ത് വന്നിട്ടുണ്ട്. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനെതിരായി നിശിതമായ വിമർശനവുമായി രംഗത്ത് വന്നു. ഇതിനൊന്നും ഞങ്ങൾ പ്രതികരിക്കാൻ പോയില്ല.

രാഷ്ട്രീയ സംഘടനകളെല്ലാം മാറി മാറി ഞങ്ങൾക്കെതിരായി തിരിയുമ്പോൾ, ഞങ്ങൾ ജനങ്ങളുടെ പക്ഷത്ത് നിന്ന് എന്തോ ശരി ചെയ്യുന്നുണ്ട് എന്ന തോന്നലാണ് ഉണ്ടാകുന്നത്. രാഷ്ട്രീയത്തിനതീതമായി വാർത്ത നൽകുക എന്നത് മാധ്യമസ്ഥാപനങ്ങളുടെ സഹജമായ കടമയാണ്. അതിനാലാണ് എല്ലാ വിഭാഗങ്ങളുടെയും വിമർശനം നേരിടേണ്ടി വരുന്നത്.

ഇനിയും ഇത്തരം വിമർശനാത്മകമായ മാധ്യമ പ്രവർത്തനം ഞങ്ങൾ തുടരും. ഭീഷണികളോടൊന്നും പ്രതികാരിക്കാനില്ല. ബി.ജെ.പിയിൽ തന്നെയുള്ള ഭൂരിപക്ഷം നേതാക്കളും ഞങ്ങളെ വിളിച്ച് ഇക്കാര്യത്തിൽ നേതൃത്വത്തിന് പറ്റിയ തെറ്റ് ഏറ്റുപറയുന്നുണ്ട്. ബഹിഷ്‌കരണം എന്നത് ബുദ്ധിശൂന്യമായ നടപടിയാണെന്നും, ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ബുദ്ധിശൂന്യതയാണ് ഇതിന് കാരണമെന്നും പറയുന്നവരിൽ ആ പാർട്ടിയിലെ ദേശീയ നേതാക്കൾ പോലുമുണ്ട്. അപക്വമായ ഈ തീരുമാനം അധികകാലം കൊണ്ടുനടക്കാൻ അവർക്കാകില്ല. ഞങ്ങളിതിന് ഒട്ടും ഗൗരവം കൊടുക്കുന്നുമില്ല.

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ നേതാക്കളിൽ പലരും അവരുടെ രാഷ്ട്രീയമായ നിലനിൽപ്പിന് കേരളത്തിലെ ചാനലുകളോടാണ് കടപ്പെട്ടിരിക്കുന്നത്. കെ.സുരേന്ദ്രനേപ്പോലെയുള്ളവരുടെ പക്വതയില്ലാത്ത സമീപനമാണ് ബഹിഷ്‌കരണം പോലെയുള്ള തീരുമാനങ്ങളിലേക്ക് എത്തിച്ചത്. പെട്ടെന്ന് രാഷ്ട്രീയത്തിൽ വല്ലതുമായി എന്ന് തോന്നുന്നവർക്ക് പറ്റുന്ന അബദ്ധമാണിത്. ഈ സംഭവം കൊണ്ട് ഒരു കാര്യം ഉറപ്പായി. കേരളത്തിൽ ബി.ജെ.പി അടുത്തകാലത്തൊന്നും വളരാൻ പോകുന്നില്ല. ഒരു പാർട്ടിയെ ജനാധിപത്യ മാർഗങ്ങളിലൂടെ മുന്നോട്ട് നയിക്കാൻ തലയിൽ ആൾത്താമസമുള്ള നേതാക്കളാണാവശ്യം. അത്തരക്കാർ ഈ കൂട്ടത്തിലില്ല.