കേന്ദ്രസർക്കാരിന് ബിബിസിയുടെ വിശദീകരണം

ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് നിർത്തി വയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡോക്യൂമെന്ററി സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത് തടയണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
 | 

കേന്ദ്രസർക്കാരിന് ബിബിസിയുടെ വിശദീകരണം
ന്യൂഡൽഹി: 
ആഗോളതലത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയാണ് ഡോക്യൂമെന്ററിയിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചതെന്ന് ബിബിസി. ഇന്ത്യയിൽ വ്യാപകമായി നടക്കുന്ന ബലാത്സംഗവും സ്ത്രീകൾക്കെതിരായ അക്രമവും ഡോക്യുമെന്ററി കൃത്യമായി ചിത്രീകരിക്കുകയുണ്ടായി. ഇതിന്റെ ഉള്ളടക്കത്തിൽ തങ്ങൾ തൃപ്തരാണെന്ന് ബിബിസി വ്യക്തമാക്കി.

ബലാത്സംഗം ചെയ്തയാളുടെ അഭിപ്രായങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യം നൽകാൻ ശ്രമിച്ചിട്ടില്ല. പകരം അയാളുടെ മാനസിക വ്യാപാരമെന്താണെന്ന് അറിയാനുള്ള ശ്രമമായിരുന്നു ഡോക്യുമെന്ററിയെന്നും ബിബിസി കേന്ദ്രസർക്കാരിന് നൽകിയ വിശദീകരണത്തിൽ പറയുന്നു. ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് നിർത്തി വയ്ക്കണമെന്ന് ബിബിസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണവുമായി ചാനൽ രംഗത്തെത്തിയത്.

ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്ക് യു.കെയിലാണ് ബിബിസി ഫോർ ചാനൽ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. പിന്നീട് യൂട്യൂബിലും ഡോക്യുമെന്ററി എത്തിയിരുന്നു. ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് കേന്ദ്രആഭ്യന്തര മന്ത്രാലയവും കോടതിയും വിലക്കിയിരുന്നു.