സാമ്പത്തിക ക്രമക്കേട്; ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഇന്ത്യാവിഷൻ വാർത്താ ചാനലിന്റെ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖിയെ സെൻട്രൽ എക്സൈസ് വിഭാഗം അറസ്റ്റു ചെയ്തു. സേവന നികുതി ഇനത്തിൽ പരസ്യ ഏജൻസികളിൽനിന്നും പരസ്യ ദാതാക്കളിൽനിന്നും ഈടാക്കിയ തുക കേന്ദ്രസർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. 2.40 കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. സേവന നികുതിയിനത്തിൽ മാത്രം 13 കോടിയോളം രൂപ ഇന്ത്യാവിഷൻ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
 | 
സാമ്പത്തിക ക്രമക്കേട്; ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ അറസ്റ്റിൽ

കൊച്ചി: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഇന്ത്യാവിഷൻ വാർത്താ ചാനലിന്റെ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖിയെ സെൻട്രൽ എക്‌സൈസ് വിഭാഗം അറസ്റ്റു ചെയ്തു. സേവന നികുതി ഇനത്തിൽ പരസ്യ ഏജൻസികളിൽനിന്നും പരസ്യ ദാതാക്കളിൽനിന്നും ഈടാക്കിയ തുക കേന്ദ്രസർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. 2.40 കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. സേവന നികുതിയിനത്തിൽ മാത്രം 13 കോടിയോളം രൂപ ഇന്ത്യാവിഷൻ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നികുതി അടയ്ക്കുന്നതിന് നിരന്തരം നോട്ടിസ് നൽകിയിട്ടും പാലിക്കാത്തതിനാൽ തിങ്കളാഴ്ച സെൻട്രൽ എക്‌സൈസ് കൊച്ചി റീജിയണൽ ഓഫീസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ത്യാവിഷന്റെ കൊച്ചിയിലെ ആസ്ഥാനം റെയ്ഡ് ചെയ്തിരുന്നു. തുടർന്ന് സെൻട്രൽ എക്‌സൈസ് കൊച്ചി റീജിയണൽ ഓഫീസർ രേഷ്മ ലഖാനിയുടെ നിർദേശപ്രകാരം ബുധനാഴ്ച്ചയാണ് അന്വേഷണ സംഘം ജമാലുദ്ദീൻ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാത്രി 7.15ഓടെയായിരുന്നു അറസ്റ്റ്.

ഇന്ത്യാവിഷനിൽ നൽകുന്ന പരസ്യങ്ങൾക്ക് ലഭിക്കുന്ന തുകയിൽ പരസ്യഏജൻസികളുടെ സേവന നികുതി ഇനത്തിലാണ് സർക്കാരിന് അടയ്ക്കാതെ വെട്ടിപ്പ് നടത്തിയത്. ഏജൻസികളിൽനിന്നും പരസ്യദാതാക്കളിൽനിന്നും ഈ തുക പിടിച്ചുവച്ചതിന് ശേഷം കേന്ദ്രസർക്കാരിലേക്ക് അടയ്ക്കാതെയായിരുന്നു വെട്ടിപ്പ്. വൻ തുക കുടിശിക വരുത്തിയതിനെ തുടർന്ന് ഒരുവർഷം മുമ്പ് വിവിധ പരസ്യ ഏജൻസികൾക്ക് സെൻട്രൽ എക്‌സൈസ് വിഭാഗം നോട്ടീസ് നൽകിയിരുന്നു. ഇന്ത്യാവിഷന് നൽകുന്ന പരസ്യതുകയിൽനിന്നും സെൻട്രൽ എക്‌സൈസിന് നൽകേണ്ട കുടിശിക തുക അടയ്ക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, സേവന നികുതിയിനത്തിൽ ഏജൻസികൾ നൽകേണ്ട തുക ഇന്ത്യാവിഷൻ നേരത്തെ തന്നെ പിരിച്ചെടുത്തിട്ടുണ്ടെന്നും തുക അടയ്ക്കാത്തതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കാണിച്ച് പരസ്യ ഏജൻസികൾ സെൻട്രൽ എക്‌സൈസിന് മറുപടി നൽകി. ഇതിന്റെ തുടർച്ചയായാണ് സ്ഥാനപത്തിൽ നടപടിയെടുത്തത്.

ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം നൽകാത്തതിനെ തുടർന്ന് ഒരുമാസത്തിലേറെയായി ഇന്ത്യാവിഷൻ വാർത്താ സംപ്രേഷണം നിലച്ചിരിക്കുകയാണ്. ശമ്പള കുടിശിക തീർക്കുമെന്ന് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല.