കാർഡില്ലാതെ എങ്ങനെ എ.ടി.എമ്മിൽ നിന്നും പണമെടുക്കാം

പണം പിൻവലിക്കാൻ എ.ടി.എം സൗകര്യം പ്രയോജനപ്പെടുത്തുന്നവരാണ് നമുക്കിടയിൽ ഏറെയും. എന്നാൽ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടോ എ.ടി.എം കാർഡോ ഇല്ലാത്തവർക്ക് എങ്ങനെ പണം പിൻവലിക്കാനാകും?
 | 
കാർഡില്ലാതെ എങ്ങനെ എ.ടി.എമ്മിൽ നിന്നും പണമെടുക്കാം

 

ന്യൂഡൽഹി: പണം പിൻവലിക്കാൻ എ.ടി.എം സൗകര്യം പ്രയോജനപ്പെടുത്തുന്നവരാണ് നമുക്കിടയിൽ ഏറെയും. എന്നാൽ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടോ എ.ടി.എം കാർഡോ ഇല്ലാത്തവർക്ക് എങ്ങനെ പണം പിൻവലിക്കാനാകും? വേണ്ടപ്പെട്ടവർക്ക് പണം അയക്കാൻ ഇനി ഇക്കാര്യങ്ങളൊന്നും തടസ്സമാകില്ല. അതിനായി ഒരു പുതിയ സംവിധാനം നിലവിൽ വന്നു കഴിഞ്ഞു.

അടിയന്തിര ഘട്ടങ്ങളിൽ പണം ആവശ്യം വരുന്നവർക്കാണ് ഇങ്ങനെ പണം അയക്കുന്ന സംവിധാനം ഉപകാരപ്പെടുന്നത്. ഇന്ത്യയിൽ പല ബാങ്കുകളും ഈ സംവിധാനം ഉപഭോക്താക്കൾക്ക് അനുവദിച്ച് തുടങ്ങി. പക്ഷേ ഇക്കാര്യം അറിയാത്തതിനാൽ പലരും ഉപയോഗിക്കുന്നില്ല എന്നുമാത്രം. ഇത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് താഴെ വിശദമാക്കുന്നു.

1. മൊബൈലും ഇന്റർനെറ്റ് ബാങ്കിങ് സംവിധാനവും ഉപയോഗിച്ചാണ് എ.ടി.എം കാർഡില്ലാത്തയാൾക്ക് കാർഡുള്ളയാൾ പണമയക്കുന്നത്. പണം സ്വീകരിക്കുന്ന ആൾ ആ ബാങ്കിന്റെ ഉപഭോക്താവല്ലെങ്കിലും പണം ലഭിക്കും.

2. കാർഡിതര പണം പിൻവലിക്കൽ സാധ്യമാകണമെങ്കിൽ ആദ്യം പണം അയക്കുന്നയാൾ സ്വീകരിക്കുന്നയാളുടെ പേരും മേൽവിലാസവും മൊബൈൽ നമ്പറും ബാങ്കിൽ നൽകണം. ലിസ്റ്റിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടാകുന്നതിൽ തടസ്സമില്ല.

3. പണം അയക്കുന്നയാളുടെ അപേക്ഷ സ്വീകരിച്ച് പേര് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ അയാൾക്ക് ഒരു കോഡ് നമ്പർ നൽകും. ഈ നമ്പർ പണം സ്വീകരിക്കുന്നയാൾക്ക് കൈമാറാം.

4. ഇതു കൂടാതെ പണം സ്വീകരിക്കുന്നയാൾക്ക് ബാങ്കും ഒരു കോഡ് എസ്.എം.എസ് വഴി അയക്കും.

5. പിന്നീട് പണം പിൻവലിക്കുന്നതിനായി കാർഡില്ലാതെ പണമെടുക്കാവുന്ന എ.ടി.എമ്മിൽ പോയി ഈ രണ്ട് കോഡും മൊബൈൽ നമ്പറും നൽകി പണം എടുക്കാവുന്നതാണ്.

6. പണം അയക്കുന്നയാളിൽ നിന്നും ഓരോ ഇടപാടുകൾക്കും 25 രൂപ വീതം ഈടാക്കും.

7. ബാങ്ക് വഴിയോ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചോ ഇടപാട് റദ്ദാക്കാം. എന്നാൽ ട്രാൻസാക്ഷൻ ഫീസ് തിരിച്ച് നൽകില്ല.

8. ഇടപാട് റദ്ദാക്കുമ്പോൾ അധിക തുക നൽകേണ്ടതില്ല.

9. ചില ബാങ്കുകൾ ഈ കോഡിന് 14 ദിവസത്തെ കാലാവധിയാണ് നൽകുന്നത്. ഇതിന് ശേഷം ഈ കോഡ് ഉപയോഗിക്കാനാകാതെ വരികയും പണം തിരിച്ച് പണമയക്കുന്നയാളുടെ അക്കൗണ്ടിലേയ്ക്ക് എത്തുകയും ചെയ്യും.

10. 5,000 മുതൽ 10,000 രൂപ വരെ മാത്രമേ ഒറ്റ തവണ കൈമാറാനാകൂ എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. ഒരു ദിവസം അക്കൗണ്ടിലൂടെ കൈമാറാവുന്ന തുകയ്ക്കും എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. മാത്രമല്ല, ഒരു മാസം 25,000 ത്തിൽ കൂടുതൽ തുക കൈമാറാനാകില്ല.