സ്‌കോട്‌ലൻഡ് യാർഡ് മന്ദിരം യൂസഫലി സ്വന്തമാക്കി

ചരിത്രപ്രസിദ്ധമായ സ്കോട്ലൻഡ് യാർഡിന്റെ മുൻ ആസ്ഥാനമന്ദിരം പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി സ്വന്തമാക്കി. ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ ഗ്രേറ്റ് സ്കോട്ലൻഡ് യാർഡ് എന്ന പഴയ മന്ദിരത്തിനായി 110 മില്യൻ പൗണ്ടാണ് (1093 കോടി രൂപ) യൂസഫലിയുടെ ലുലു ഗ്രൂപ്പ് നൽകിയത്. പുരാതനകെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുകയാണ് ലക്ഷ്യം.
 | 
സ്‌കോട്‌ലൻഡ് യാർഡ് മന്ദിരം യൂസഫലി സ്വന്തമാക്കി

 

ലണ്ടൻ: ചരിത്രപ്രസിദ്ധമായ സ്‌കോട്‌ലൻഡ് യാർഡിന്റെ മുൻ ആസ്ഥാനമന്ദിരം പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി സ്വന്തമാക്കി. ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ ഗ്രേറ്റ് സ്‌കോട്‌ലൻഡ് യാർഡ് എന്ന പഴയ മന്ദിരത്തിനായി 110 മില്യൻ പൗണ്ടാണ് (1093 കോടി രൂപ) യൂസഫലിയുടെ ലുലു ഗ്രൂപ്പ് നൽകിയത്. പുരാതനകെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുകയാണ് ലക്ഷ്യം.

കഴിഞ്ഞ വർഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 10% ഓഹരികൾ യൂസഫലി വാങ്ങിയിരുന്നു. ലണ്ടനിലെ കെട്ടിടനിർമാതാക്കളായ ഗാലിയാർഡ് ഹോംസ് ആണ് 92,000 ചതുരശ്രയടിയിൽ ഹോട്ടൽ രൂപകൽപന ചെയ്യുന്നത്. കെട്ടിടത്തിന്റെ മുഖച്ഛായയ്ക്കു മാറ്റമില്ലാതെ ഏഴു നിലകളിലായി പ്രവർത്തിക്കുന്ന ഹോട്ടൽ 2017 ആദ്യപാദത്തിൽ തുറക്കുമെന്നാണ് സൂചന.

ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സേന രൂപീകരിച്ച 1829 മുതൽ 1890 വരെയായിരുന്നു ഈ കെട്ടിടം ഗ്രേറ്റ് സ്‌കോട്ട്‌ലൻഡ് യാർഡിന് ആസ്ഥാനമന്ദിരമായത്. പിന്നീട് മധ്യലണ്ടനിലേക്കു മാറ്റിയ പോലീസ് ആസ്ഥാനം ന്യൂ സ്‌കോട്‌ലൻഡ് യാർഡ് എന്നാണറിയപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ കെട്ടിടം സൈനിക റിക്രൂട്ട്‌മെന്റ് ഓഫീസായി പ്രവർത്തിച്ചിരുന്നു.