ഇന്ധനമില്ല; സ്‌പൈസ് ജെറ്റ് സർവ്വീസ് നിർത്തി

എണ്ണ കമ്പനികൾ ഇന്ധനം നൽകാൻ വിസമ്മതിച്ചതോടെ സ്പൈസ് ജെറ്റ് സർവ്വീസുകൾ പൂർണ്ണമായും നിർത്തി.
 | 
ഇന്ധനമില്ല; സ്‌പൈസ് ജെറ്റ് സർവ്വീസ് നിർത്തി

 

ന്യൂഡൽഹി: എണ്ണ കമ്പനികൾ ഇന്ധനം നൽകാൻ വിസമ്മതിച്ചതോടെ സ്‌പൈസ് ജെറ്റ് സർവ്വീസുകൾ പൂർണ്ണമായും നിർത്തി. സ്‌പൈസ് ജെറ്റിന്റെ ഒരൊറ്റ വിമാനം പോലും ഇന്ന് സർവ്വീസ് നടത്തിയിട്ടില്ല. കുടിശിക നൽകാത്തതിനെ തുടർന്ന് എണ്ണക്കമ്പനികൾ ഇന്ധനം നൽകുന്നത് നിർത്തിവച്ചതോടെ ചൊവ്വാഴ്ച 16 സർവ്വീസുകൾ മുടങ്ങിയിരുന്നു. കമ്പനിയുടെ ഷെയറുകളിൽ എട്ട് ശതമാനത്തോളമാണ് ഇടിവ് വന്നിരിക്കുന്നത്.

സർവ്വീസുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കമ്പനിക്ക് അനുവദിച്ച 186 സോട്ടുകൾ പിൻവലിച്ചിരുന്നു. ഈ മാസം 15 നകം വ്യക്തമായ ഷെഡ്യൂൾ സമർപ്പിക്കാനുള്ള നിർദേശവും നടപ്പിലാക്കാൻ കമ്പനിക്കായില്ല. ഒരു മാസത്തേക്ക് പുതിയ ബുക്കിങ് സ്വീകരിക്കുന്നതും വിലക്കി. ടിക്കറ്റ് റദ്ദാക്കിയവർക്ക് 30 ദിവസത്തിനുള്ളിൽ പണം തിരികെ നൽകണം. പത്ത് ദിവസത്തിനകം ജീവനക്കാരുടെ ശമ്പള കുടിശിക തീർക്കണമെന്ന ഡി.ജി.സി.എ മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല.

2000 കോടി രൂപയുടെ കട ബാധ്യതയുള്ള സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി അടിയന്തര സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. വ്യോമയാന മന്ത്രി മഹേഷ് ശർമ്മയെ സന്ദർശിച്ച അധികൃതർക്ക് മന്ത്രിയിൽ നിന്നും യാതൊരു വാഗ്ദ്ധാനവും ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 1800ഓളം സർവീസുകൾ കമ്പനി റദ്ദാക്കിക്കഴിഞ്ഞു. ഈ നില തുടർന്നാൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കപ്പെടും എന്നതാണ് അവസ്ഥയെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

അതേസമയം, സ്‌പൈസ് ജെറ്റ് നാലു മണിയോടെ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സർവീസ് മുടങ്ങിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി സി.ഒ.ഒ. സഞ്ജീവ് കപൂർ പറഞ്ഞു.