മികച്ച ഹോട്ടലുകളുള്ള ലോകത്തെ 100 നഗരങ്ങളിൽ തിരുവനന്തപുരവും

പ്രമുഖ ഹോട്ടൽ സെർച്ച് വെബ്സൈറ്റായ ട്രിവാഗോ നടത്തിയ പഠനത്തിൽ ഉന്നത നിലവാരത്തിലുള്ള സേവനം നൽകുന്ന ഹോട്ടലുകളുള്ള നഗരമായി തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടു.
 | 

മികച്ച ഹോട്ടലുകളുള്ള ലോകത്തെ 100 നഗരങ്ങളിൽ തിരുവനന്തപുരവും
മുംബൈ: പ്രമുഖ ഹോട്ടൽ സെർച്ച് വെബ്‌സൈറ്റായ ട്രിവാഗോ നടത്തിയ പഠനത്തിൽ ഉന്നത നിലവാരത്തിലുള്ള സേവനം നൽകുന്ന ഹോട്ടലുകളുള്ള നഗരമായി തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടു. കൊടുക്കുന്ന പണത്തിന് നൽകുന്ന ഉയർന്ന സേവനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പഠനം.  ഇന്ത്യയിൽ നിന്നും തിരുവനന്തപുരം കൂടാതെ അമൃത്‌സർ, ജയ്‌സാൽമീർ എന്നീ നഗരങ്ങളാണ് ‘ബെസ്റ്റ് വാല്യൂ സിറ്റി ഇന്റക്‌സ് 2014’ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്.

‘ചെറിയ നഗരങ്ങൾ സഞ്ചാരികളുടെ ശ്രദ്ധയിൽപെടുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. തുച്ഛമായ തുകയ്ക്ക് ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനമാണ് ചെറു പട്ടണങ്ങളിലെ ഹോട്ടലുകൾ നൽകുന്നത്’ ട്രിവാഗോ പ്രതിനിധി അഭിനവ് കുമാർ പറയുന്നു.

വിശുദ്ധ നഗരം എന്നറിയപ്പെടുന്ന അമൃത്‌സർ 96.52 ശതമാനം സ്‌കോർ നേടി ലിസ്റ്റിൽ ആറാം സ്ഥാനത്താണ്. കൊട്ടാരങ്ങൾക്ക് പ്രസിദ്ധമായ രാജസ്ഥാനിലെ ജയ്‌സാൽമീർ 96.37 ശതമാനത്തോടെ 12-ാം സ്ഥാനത്തും കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം 96.19 ശതമാനം മാർക്കോടെ 15-ാം സ്ഥാനത്തുമാണ്.

കോവളം, ശംഖുമുഖം ബീച്ചുകളാൽ സമ്പന്നമായ തിരുവനന്തപുരം ലോക സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോസ്‌നിയയിലെ മോസ്റ്ററാണ് 97.37% സ്‌കോർ നേടി ചാർട്ടിൽ ഒന്നാം സ്ഥാനത്ത്. തൊട്ടടുത്ത സ്ഥാനം സെർബിയയിലെ നോവിയും(97.18%) മൂന്നാം സ്ഥാനം ചൈനയിലെ ലിജിയാങും (96.99%) നാലാം സ്ഥാനം ബൾഗേറിയയിലെ പ്ലോവ്ഡിനും(96.96%) അഞ്ചാം സ്ഥാനം ഹങ്കറിയിലെ സേഗഡും (96.53%) സ്വന്തമാക്കി.