‘നന്ദി’ പരിഹാസത്തിന് മറുപടി നല്‍കി വീണ്ടും വെട്ടിലായി ദീപാ നിഷാന്ത്

നേരത്തെ ഇടതുപക്ഷ സഹയാത്രികയായ ദീപാ നിഷാന്തും രമ്യാ ഹരിദാസും സോഷ്യല് മീഡിയയില് ഏറ്റുമുട്ടിയിരുന്നു.
 | 
‘നന്ദി’ പരിഹാസത്തിന് മറുപടി നല്‍കി വീണ്ടും വെട്ടിലായി ദീപാ നിഷാന്ത്

കൊച്ചി: നന്ദി അറിയിച്ച് രമ്യാ ഹരിദാസിന്റെ പോസ്റ്റിന് മറുപടി പറഞ്ഞ് വീണ്ടും വെട്ടിലായി ദീപാ നിഷാന്ത്. രമ്യാ ഹിരിദാസിന്റെ ഫാന്‍ പേജില്‍ വന്ന പോസ്റ്റിനായിരുന്നു ദീപ മറുപടി പറഞ്ഞത്. നേരത്തെ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം ദിപാ നിഷാന്തിന് വിനയായിരുന്നു. ‘വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ്. ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടര്‍മാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. ധവീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്. ‘ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ…പ’ ദീപ ഫെയിസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സംഭവത്തില്‍ ദീപാ നിഷാന്തിന് അബദ്ധം പറ്റിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രമ്യാ ഹരിദാസിന്റെ പേരിലുള്ള ഫാന്‍ പേജില്‍ വന്ന ചിത്രത്തിനും ക്യാപ്ഷനുമാണ് ദീപ മറുപടി പറഞ്ഞിരിക്കുന്നത്. ഇനിയും മതിയായില്ലേ എന്നാണ് സിപിഎം അണികള്‍ പോലും പോസ്റ്റിന് കീഴെ കമന്റ് ചെയ്തിരിക്കുന്നത്. രമ്യാ ഹരിദാസിനെ പെങ്ങളൂട്ടി യെന്ന് പരിഹസിച്ച നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

നേരത്തെ ഇടതുപക്ഷ സഹയാത്രികയായ ദീപാ നിഷാന്തും രമ്യാ ഹരിദാസും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. പിന്നാലെ രമ്യയ്ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ രംഗത്ത് വരികയും ചെയ്തു. രമ്യയ്ക്ക് ഇത്രയധികം ഭൂരിപക്ഷം ലഭിക്കാനുള്ള കാരണം ദീപാ നിഷാന്തും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനുമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

5,33,815 വോട്ടുകളാണ് രമ്യയ്ക്ക് ആലത്തൂരില്‍ ലഭിച്ചത്. സിറ്റിംഗ് എം.പിയായ സിപിഎമ്മിന്റെ പി.കെ ബിജുവിനാകട്ടെ 3,74,847 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിന്റെ ആലത്തൂരിലെ ഏറ്റവും വലിയ വിജയമാണിത്. രമ്യാ ഹരിദാസിനെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പി.കെ ബിജുവിനെതിരെ വികാരമുണ്ടാക്കിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ദീപാ നിഷാന്ത് തുടക്കമിട്ട പാട്ടുമായി ബന്ധപ്പെട്ട് ആരോപണമായിരുന്നു പിന്നീട് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കിയത്. കൂടാതെ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവും പി.കെ ബിജുവിന് വിനയായി.