സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഹപാഠിയുടെ പത്ത്കല്‍പനകള്‍; #നീപൊളിക്കണ്ടബ്രോ വൈറല്‍

മൂന്നാറിലെ കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റം പൊളിച്ചതിലൂടെ സോഷ്യല് മീഡിയയിലടക്കം പ്രശംസയും മുഖ്യമന്ത്രിയുടെയും സര്ക്കാരിന്റെയും അപ്രീതിക്കും പാത്രമായ സബ്കളക്ടര്ക്ക് സഹപാഠി നല്കുന്ന പത്ത് കല്പനകള് വൈറലാകുന്നു. ഫസല് റഹ്മാന് എന്ന പ്രവാസിയുടെ പോസ്റ്റ് ഇതിനകം നാലായിരത്തോളെ പേര് ഷെയര് ചെയ്തു കഴിഞ്ഞു. കയ്യേറി നാട്ടിയ കുരിശ് നീക്കിയതില് സത്യക്രിസ്ത്യാനികള്ക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ സാഹചര്യത്തില് അഞ്ചര വര്ഷം കൂടെ പഠിച്ച കൂട്ടുകാരന്റെ പത്ത് കല്പനകള് എന്നു പറഞ്ഞാണ് ഫസല് റഹ്മാന്റെ പോസ്റ്റ് തുടങ്ങുന്നത്.
 | 

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഹപാഠിയുടെ പത്ത്കല്‍പനകള്‍; #നീപൊളിക്കണ്ടബ്രോ വൈറല്‍

മൂന്നാറിലെ കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റം പൊളിച്ചതിലൂടെ സോഷ്യല്‍ മീഡിയയിലടക്കം പ്രശംസയും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അപ്രീതിക്കും പാത്രമായ സബ്കളക്ടര്‍ക്ക് സഹപാഠി നല്‍കുന്ന പത്ത് കല്‍പനകള്‍ വൈറലാകുന്നു. ഫസല്‍ റഹ്മാന്‍ എന്ന പ്രവാസിയുടെ പോസ്റ്റ് ഇതിനകം നാലായിരത്തോളെ പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. കയ്യേറി നാട്ടിയ കുരിശ് നീക്കിയതില്‍ സത്യക്രിസ്ത്യാനികള്‍ക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ സാഹചര്യത്തില്‍ അഞ്ചര വര്‍ഷം കൂടെ പഠിച്ച കൂട്ടുകാരന്റെ പത്ത് കല്‍പനകള്‍ എന്നു പറഞ്ഞാണ് ഫസല്‍ റഹ്മാന്റെ പോസ്റ്റ് തുടങ്ങുന്നത്.

അഖിലേന്ത്യാ തലത്തില്‍ ഐഎഎസിന് രണ്ടാം റാങ്ക് നേടിയിട്ടും ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓര്‍ത്തെടുക്കണമെന്നും, പല കൊമ്പന്‍മാര്‍ പലതവണ പരാജയപ്പെട്ടതാണ് മൂന്നാര്‍ ദൗത്യം. നീ അവരേക്കാള്‍ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം. പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളില്‍ കസേരയിട്ടിരിക്കുന്നതെന്ന് നീ ഓര്‍ക്കണമെന്നും സുഹൃത്ത് സബ്കളക്ടറെ ഓര്‍മിപ്പിക്കുന്നു.

നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ എന്നു പറഞ്ഞാണ് ഫസല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

#നീപൊളിക്കണ്ടബ്രോ

1. പല കൊമ്പന്‍മാര്‍ പലതവണ പരാജയപ്പെട്ടതാണ് ഈ മൂന്നാര്‍ ദൗത്യം. നീ അവരേക്കാള്‍ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം. പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളില്‍ കസേരയിട്ടിരിക്കുന്നതെന്ന് നീ ഓര്‍ക്കണം.

2. ഓള്‍ ഇന്ത്യ ലെവലില്‍ 2-ാം റാങ്ക് നേടിയിട്ടും, ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓര്‍ത്തെടുക്കണം.

3. MBBS ഉം PG യും (അതുംMD general medicine) കഴിഞ്ഞാല്‍ നിനക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ് നീജോലി ചെയ്യുന്നത്. അപ്പോ ശമ്പളം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാര്‍ത്ഥത കൊടുത്ത് നീ അവരെ വട്ടം കറക്കരുത്.

4. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഈ സവര്‍ണ്ണ ഹിന്ദു പേരും വെച്ച് വല്ല ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്ലിം ജാറമോ ക്രിസ്ത്യന്‍ കുരിശോ തൊടാന്‍ പോലുമുള്ള അവകാശം തരാനും മാത്രം വളര്‍ന്നിട്ടില്ല കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും.

5. കോളേജ് ടീമിലെ ഇടങ്കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് തന്നെ വേണം, അതും ബൗള്‍ഡ് ആക്കണം എന്ന മോഹങ്ങളൊക്കെ മാറ്റിവെച്ച് സ്വാതന്ത്ര്യ സമര സേനാനിക്ക് പെന്‍ഷന്‍ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാല്‍ ബിരിയാണി തുടങ്ങിയ കൈയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളില്‍ കൂടി നീ ശ്രദ്ധിക്കണം.

6. കക്കാന്‍ പഠിച്ചാല്‍ പോര നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ജീവന്‍ പോയാലും നീ കക്കില്ലെന്നറിയാം.പക്ഷെ കട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ പഠിക്കണം എന്ന ഒരു പുതു ചൊല്ല് കൂടി മനസില്‍ വെക്കണം.

7. നമ്മുടെ ബാച്ചിലെ 200ല്‍ 190 പേരും കല്യാണമൊക്കെ കഴിച്ച് കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോള്‍ നീ മാത്രമിങ്ങനെ എലിജിബിള്‍ ബാച്ചലര്‍ ആയി സുഖിച്ച് ജീവിക്കാതെ ഒരു കല്യാണമങ്ങ് കഴിച്ചേക്കണം. അപ്പോ നാട് നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളും.

8.പൊളിക്ക് ബ്രോ എന്ന് ഹാഷ് ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളില്‍ നീ വീഴില്ലെന്നറിയാമെങ്കിലും ഇതിലും നല്ല വിഷയം കിട്ടിയാല്‍ ഞങ്ങ ഞങ്ങടെ വഴിക്ക് എപ്പ പോയെന്ന് ചോദിച്ചാല്‍ മതി.

9. കയ്യൊടിക്കും കാലൊടിക്കും എന്ന് നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കല്‍ പിമ്പുകളോട്, ഹോസ്റ്റല്‍ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സില്‍ ധ്യാനിച്ച്, ‘ഇനിയും ചൊറിയാന്‍ വന്നാല്‍ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്‌സിന് ‘ എന്നങ്ങ് കാച്ചി വിട്ടേക്ക്.

10. നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ.

അത് കൊണ്ട് തന്നെ
#ഇനിനീപൊളിക്കണ്ടബ്രോ
സസ്‌നേഹം അബൂദാബിയില്‍ നിന്നൊരു കൂട്ടുകാരന്‍.

പോസ്റ്റ് കാണാം