കേരളത്തില്‍ മത്സരിച്ച 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം ലഭിക്കില്ല

കേരളത്തില് മത്സരിച്ച എന്ഡിഎ സ്ഥാനാര്ത്ഥികളില് 13 പേര്ക്ക് കെട്ടി വെച്ച പണം പോലും ലഭിക്കില്ലെന്നാണ് വിവരം.
 | 
കേരളത്തില്‍ മത്സരിച്ച 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം ലഭിക്കില്ല

തിരുവനന്തപുരം: ദേശീയ തലത്തില്‍ വന്‍ നേട്ടം കരസ്ഥമാക്കിയ ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കര്‍ണ്ണാടകയില്‍ മാത്രമാണ് ബിജെപിക്ക് എടുത്തു പറയാവുന്ന നേട്ടമുണ്ടാക്കാനായത്. കേരളത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്ക് കെട്ടി വെച്ച പണം പോലും ലഭിക്കില്ലെന്നാണ് വിവരം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 6 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച തുക തിരികെ ലഭിക്കില്ലെന്നാണ് വ്യവസ്ഥ

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ അടക്കം 13 പേര്‍ക്ക് കെട്ടിവെച്ച പണം തിരികെ കിട്ടില്ല. മുതിര്‍ന്ന നേതാവും കണ്ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ പദ്മനാഭനാണ് ഏറ്റവും കുറവ് വോട്ടുകള്‍ നേടിയത്. ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ സികെപിക്ക് 68509 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

വയനാട്ടില്‍ മത്സരിച്ച ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൊട്ടു പിന്നിലുണ്ട്. 78816 വോട്ടാണ് തുഷാറിന് ലഭിച്ചത്. പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാര്‍, തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി, കോട്ടയത്ത് മത്സരിച്ച പി.സി. തോമസ്, ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍, പത്തനംതിട്ടയില്‍ മത്സരിച്ച കെ സുരേന്ദ്രന്‍, ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവച്ച കാശ് തിരിച്ചുകിട്ടുക.