ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന 10 നഗരങ്ങളില്‍ 3 എണ്ണം കേരളത്തില്‍

ഏറ്റവും വേഗത്തില് വളരുന്ന നഗരങ്ങളില് മൂന്നെണ്ണം ഇന്ത്യയില്.
 | 
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന 10 നഗരങ്ങളില്‍ 3 എണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി: ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് ഇവ. ഇന്ത്യയില്‍ വേഗം വളരുന്ന നഗരങ്ങള്‍ മൂന്നും കേരളത്തിലാണെന്നതാണ് മറ്റൊരു വസ്തുത. മലപ്പുറം, കോഴിക്കോട്, കൊല്ലം എന്നീ നഗരങ്ങളാണ് ലോകമെമ്പാടും നിന്നുള്ള നഗരങ്ങളില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പട്ടികയില്‍ 44.1 ശതമാനം വളര്‍ച്ചാനിരക്കുമായി മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം.

കോഴിക്കോട് നാലാം സ്ഥാനത്തും കൊല്ലം പത്താം സ്ഥാനത്തും എത്തി. തൃശൂരിന് 13-ാം സ്ഥാനമാണ് ഉള്ളത്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് നഗരങ്ങള്‍ 27-ാം സ്ഥാനത്തുള്ള സൂറത്തും 30-ാം സ്ഥാനത്തുള്ള തിരുപ്പൂരും ആണ്. ഷാര്‍ജ എട്ടാം സ്ഥാനവും മസ്‌കറ്റ് 9-ാം സ്ഥാനവുമാണ് പട്ടികയില്‍ നേടിയിരിക്കുന്നത്. വിയറ്റ്‌നാമിലെ കാന്‍ തോ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ചൈന, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നഗരങ്ങളും ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു.

കോഴിക്കോടിന് 34.5 ശതമാനവും കൊല്ലത്തിന് 31.1 ശതമാനവും വളര്‍ച്ചയാണ് 2015 മുതല്‍ ഈ വര്‍ഷം വരെയുള്ള കാലയളവില്‍ ഉണ്ടായത്. തൃശൂരിന് 30.2 ശതമാനം വളര്‍ച്ച നേടാനായി. ചൈനയില്‍ നിന്നുള്ള മൂന്ന് നഗരങ്ങളും പട്ടികയുടെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.