സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യംവിളി; നാല് എംഎല്‍എമാര്‍ക്ക് ശാസന

സ്പീക്കറുടെ ഡയസില് കയറി മുദ്രാവാക്യം വിളിച്ച സംഭവത്തില് നാല് പ്രതിപക്ഷ എംഎല്എമാര്ക്ക് ശാസന.
 | 
സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യംവിളി; നാല് എംഎല്‍എമാര്‍ക്ക് ശാസന

തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന. റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്. ഡയസില്‍ പാഞ്ഞുകയറിയ ഇവര്‍ നിയമസഭ നടത്താന്‍ അനുവദിച്ചില്ലെന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയത്. ഈ നടപടി ജനാധിപത്യ ബോധത്തോടെ അംഗീകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

അതേസമയം നടപടിയെക്കുറിച്ച് കക്ഷി നേതാക്കളുടെ യോഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്പീക്കറുടെ നടപടി ഒ.രാജഗോപാല്‍ പറഞ്ഞിട്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്പീക്കറും പ്രതിപക്ഷനേതാവും തമ്മില്‍ സഭയില്‍ വാഗ്വാദമുണ്ടായി. ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

ഇന്നലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിലുണ്ടായ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് എംഎല്‍എമാര്‍ സഭ തടസപ്പെടുത്തിയത്.