സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 16 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ 3 പേര്‍ക്കും കോട്ടയം ജില്ലയില്‍ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1 എന്നിങ്ങനെയാണ് വിദേശത്ത് നിന്നെത്തിയവരുടെ കണക്ക്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 13 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 12 പേര്‍ക്കും ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്ക് വീതവും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.