ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും തിരികെയെത്തി

ആടുജീവിതം സിനിമയുടെ ആദ്യ ഷെഡ്യൂള് പൂര്ത്തിയാക്കി പൃഥ്വിരാജും സംഘവും തിരിച്ചെത്തി
 | 
ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും തിരികെയെത്തി

കൊച്ചി: ആടുജീവിതം സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജും സംഘവും തിരിച്ചെത്തി. ഡല്‍ഹി വഴിയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലാണ് പൃഥ്വിരാജും ബ്ലെസിയും മറ്റു സംഘാംഗങ്ങളും എത്തിയത്. സംഘം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് ക്വാറന്റൈനില്‍ പ്രവേശിക്കും. ഫോര്‍ട്ട് കൊച്ചിയിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

പണം നല്‍കിയുള്ള ക്വാറന്റൈനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ ബ്ലെസി തിരുവല്ലയിലെ വീട്ടിലായിരിക്കും ക്വാറന്റൈനില്‍ കഴിയുകയെന്നാണ് വിവരം. ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ ചിത്രീകരണത്തിന് മാര്‍ച്ചില്‍ എത്തിയ സംഘം കൊറോണ വ്യാപനത്തെത്തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ കുടുങ്ങുകയായിരുന്നു.

ഇതേത്തുടര്‍ന്ന് 58 അംഗ സംഘം രണ്ട് മാസത്തോളം ജോര്‍ദാനില്‍ തങ്ങേണ്ടി വന്നു. ഇടയ്ക്ക് വിസ കാലാവധി തീരുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും സര്‍ക്കാര്‍ ഇടപെടലുണ്ടായതോടെ അത് പരിഹരിക്കപ്പെട്ടു. പിന്നീട് നിലച്ച് പോയ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം പ്രത്യേക വിമാനത്തില്‍ മടങ്ങിയത്.