വിലക്ക് ഒരുകാലത്തും അംഗീകരിക്കാനാകാത്തത്; മുടങ്ങിയ ചിത്രങ്ങള്‍ ഷെയ്ന്‍ ചെയ്ത് തീര്‍ക്കണമെന്ന് ആഷിഖ് അബു

ഷെയ്ന് നിഗമിന് നിര്മാതാക്കള് ഏര്പ്പെടുത്തിയ വിലക്കില് പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു.
 | 
വിലക്ക് ഒരുകാലത്തും അംഗീകരിക്കാനാകാത്തത്; മുടങ്ങിയ ചിത്രങ്ങള്‍ ഷെയ്ന്‍ ചെയ്ത് തീര്‍ക്കണമെന്ന് ആഷിഖ് അബു

ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. വിലക്ക് ഒരുകാലത്തും ആര്‍ക്കും അംഗീകരിക്കാനാകാത്ത ഒന്നാണെന്ന് ആഷിഖ് അബു പറഞ്ഞു. കരാര്‍ ലംഘനമുണ്ടായാല്‍ അതിനെ നേരിടാന്‍ ഇവിടെ കോടതിയും നിയമങ്ങളുമുണ്ട്. സിനിമയില്‍ മാത്രം സംഭവിക്കുന്നതല്ല കരാര്‍ ലംഘനങ്ങള്‍. സിനിമയില്‍ നേരത്തേയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊന്നും വിലക്ക് പുറപ്പെടുവിച്ചല്ല കൈകാര്യം ചെയ്യേണ്ടതെന്നും ആഷിഖ് അബു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംഭവത്തെ നിര്‍മാതാക്കളുടെ സംഘടന വളരെ വൈകാരികമായാണ് കൈകാര്യം ചെയ്തത്. അവരുടെ വാര്‍ത്താസമ്മേളനവും അപക്വമായിപ്പോയി. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ ഉണ്ടായിട്ടുള്ളു. നടനായാലും സംവിധായകനായാലും മറ്റാരായാലും ഒരേ മനസോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. ഷെയ്‌ന്റെ ഭാഗത്തു നിന്ന് വളരെ അപക്വമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഷെയ്ന്‍ തിരുത്തണമെന്നും മുടങ്ങിപ്പോയ രണ്ട് സിനിമകളും ഷെയ്ന്‍ ചെയ്ത് തീര്‍ക്കണമെന്നും ആഷിഖ് അബു പറഞ്ഞു.

പുതുമുഖ സംവിധായകരുടെ സിനിമകളാണ് അവ. ഒരു പ്രശ്‌നം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിര്‍മാതാക്കളും അതിനേക്കാള്‍ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും തെറ്റാണ് ചെയ്തത്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഊതിപ്പെരുപ്പിച്ച് ഗുരുതരമാക്കാനല്ലെന്നും ആഷിക് പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കള്‍ പറഞ്ഞത് അവര്‍ കാരവനില്‍ കയറി പരിശോധിക്കുന്നത് കൊണ്ടായിരിക്കുമെന്നും ആഷിഖ് പറഞ്ഞു. അവര്‍ പറയുന്നത് പോലെ പോലീസ് അന്വേഷണം വരട്ടെ.

നിര്‍മാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങള്‍ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ? അതുകൊണ്ട് സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ആഷിഖ് പറഞ്ഞു.