മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുത്; സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി സുപ്രീം കോടതിയില്‍

മെമ്മറി കാര്ഡ് ദിലീപിന് നല്കരുതെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി സുപ്രീം കോടതിയില്.
 | 
മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുത്; സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി സുപ്രീം കോടതിയില്‍. കാര്‍ഡ് നല്‍കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് കോടതിയെ നടി അറിയിച്ചു. കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയും നടി സമര്‍പ്പിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജിയിലാണ് നടിയുടെ ഇടപെടല്‍.

ഹര്‍ജി നാളെയാണ് കോടതി പരിഗണിക്കുന്നത്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ ദിലീപ് അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് നടി കോടതിയെ അറിയിച്ചിരിക്കുന്നത്. മുദ്രവെച്ച കവറില്‍ നിര്‍ണ്ണായക രേഖകളും സമര്‍പ്പിച്ച നടി തന്റെ സ്വകാര്യത മാനിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ എല്ലാ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

സുപ്രീം കോടതി രജിസ്ട്രിക്കാണ് നടി രേഖകള്‍ കൈമാറിയിരിക്കുന്നത്. ഇവ ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് നല്‍കും.