പത്മശ്രീ പുരസ്‌കാരത്തിനായി ഐ.എം.വിജയന്റെ പേര് നിര്‍ദേശിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഫുട്ബോള് താരം ഐ.എം.വിജയനെ പത്മശ്രീ പുരസ്കാരത്തിനായി ശുപാര്ശ ചെയ്തു.
 | 
പത്മശ്രീ പുരസ്‌കാരത്തിനായി ഐ.എം.വിജയന്റെ പേര് നിര്‍ദേശിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ താരം ഐ.എം.വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയനെ പത്മശ്രീക്ക് ശുപാര്‍ശ ചെയ്തത്. 79 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് ഇന്ത്യക്കു വേണ്ടി വിജയന്‍ നേടിയിട്ടുള്ളത്. 2003ല്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായിട്ടുള്ള താരം 1993, 1997, 1999 വര്‍ഷങ്ങളില്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പത്മശ്രീ പുരസ്‌കാരത്തിനായി ഐ.എം വിജയന്റെ പേര് ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2000 മുതല്‍ 2004 വരെ നാല് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വിജയന്‍. ഇക്കാലയളവില്‍ ബൈച്ചുങ് ബൂട്ടിയ-വിജയന്‍ ജോടി പ്രസിദ്ധമായിരുന്നു.

ഏറ്റവും വേഗമേറിയ അന്താരാഷ്ട്ര ഗോളിന് ഉടമ കൂടിയാണ് ഇപ്പോള്‍ 51 കാരനായ വിജയന്‍. 1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ കളിയുടെ 12-ാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന റെക്കോര്‍ഡ്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സോഡ വിറ്റു നടന്ന ബാല്യത്തില്‍ നിന്ന് 17-ാം വയസില്‍ കേരള പോലീസ് ടീമിലെ സ്‌ട്രൈക്കറായി മാറിയ വിജയന്‍ അവിടെ നിന്നാണ് തന്റെ പ്രയാണം ആരംഭിച്ചത്.

കേരള പോലീസില്‍ നിന്ന് മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി മില്‍സ് ഫഗ്വാര തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും വിജയന്‍ ബൂട്ടണിഞ്ഞു. കേരള പോലീസില്‍ ഉദ്യോഗസ്ഥനായ വിജയന്‍ മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം തൃശൂരില്‍ ഫുട്‌ബോള്‍ അക്കാഡമി സ്ഥാപിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരികയാണ്.