അലനും താഹയും മാവോയിസ്റ്റുകളെന്നതിന് തെളിവ് പുറത്തുവിടണം, എന്‍.ഐ.എയിലേക്ക് കേസെത്തിച്ചത് സര്‍ക്കാര്‍; ചെന്നിത്തല

അലനെയും താഹയെയും കസ്റ്റഡിയില് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് എന്.ഐ.എ സമര്പ്പിച്ച ഹര്ജിയില് ഇന്നാണ് വിധി പറയുന്നത്.
 | 
അലനും താഹയും മാവോയിസ്റ്റുകളെന്നതിന് തെളിവ് പുറത്തുവിടണം, എന്‍.ഐ.എയിലേക്ക് കേസെത്തിച്ചത് സര്‍ക്കാര്‍; ചെന്നിത്തല

കോഴിക്കോട്: യുഎപിഎ കേസ് പ്രതികളായ അലന്റെയും താഹയുടെയും വീടുകളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഇരുവരുടെയും കേസ് മനുഷ്യാവകാശ പ്രശ്‌നമായിട്ടാണ് യു.ഡി.എഫ് കാണുന്നതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം യു.ഡി.എഫ് ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് ചെന്നിത്തലയുടെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്ന കാര്യം. ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിന് തെളിവുകള്‍ പുറത്തുവിടാത്തത്’, ചെന്നിത്തല ചോദിച്ചു.

‘യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല’. ചെന്നിത്തല പറഞ്ഞു.

അലനെയും താഹയെയും കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നാണ് വിധി പറയുന്നത്. കേസില്‍ എന്‍.ഐ.എ ഇടപെടലുണ്ടായത് പ്രതിഷേധത്തിന് കാരണമായിരുന്നു. സിപിഎം അനുഭാവികളാണ് തങ്ങളെന്നും മാവോയിസ്റ്റുകളുമായി യാതൊരുവിധ ബന്ധവുമില്ലെന്നും താഹയും അലനും നേരത്തെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.