ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആകാമെന്ന് അമിത് ഷാ

ഫാത്തിമ ലത്തീഫിന്റെ മരണത്തില് സിബിഐ അന്വേഷണം ആകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
 | 
ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആകാമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഫാത്തിമയുടെ പിതാവ് ലത്തീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. അന്വേഷണം വനിതാ ഐജിയുടെ നേതൃത്വത്തില്‍ നടത്താമെന്നും അമിത് ഷാ ഉറപ്പ് നല്‍കി. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ ഒപ്പമാണ് ഫാത്തിമയുടെ പിതാവ് അമിത് ഷായെ സന്ദര്‍ശിച്ചത്.

ലത്തീഫിന്റെ പരാതിയും 37 എംപിമാര്‍ ഒപ്പുവെച്ച നിവേദനവും ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി. കൊല്ലം സ്വദേശിനിയായ ഫാത്തിമയെ മദ്രാസ് ഐഐടിയുടെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫാത്തിമയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ഐഐടിയിലെ അധ്യാപകരെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.

ഈ കേസിലുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. നിലവില്‍ തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഫാത്തിമയുടെ പിതാവ് തൃപ്തനാണ്. എന്നാല്‍ ഇതോടൊപ്പം സിബിഐ അന്വേഷണവും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു.