ഷെയ്ന്‍ നിഗം വിഷയം; ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് അമ്മയും ഫെഫ്കയും

ഷെയ്ന് നിഗം വിഷയത്തില് നിന്ന് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും പിന്മാറുന്നു.
 | 
ഷെയ്ന്‍ നിഗം വിഷയം; ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് അമ്മയും ഫെഫ്കയും

തിരുവനന്തപുരം: ഷെയ്ന്‍ നിഗം വിഷയത്തില്‍ നിന്ന് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും പിന്‍മാറുന്നു. ഷെയ്‌ന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് നീക്കം. നടന്റെ സമീപനങ്ങള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിരുദ്ധമാണെന്ന് സംഘടനകള്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് തിരുവനന്തപുരത്ത് വെച്ച് ഷെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രതികരണത്തിലുണ്ടായത് എന്നാണ് സംഘടനകള്‍ വിലയിരുത്തുന്നത്. ഫെഫ്കയും ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഷെയ്ന്‍ മാധ്യമങ്ങളെ കണ്ടതും മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയതുമാണ് ഇപ്പോള്‍ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന്‍ വിശേഷിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്ന വിധത്തിലാണ് മാധ്യമങ്ങളോട് ഷെയ്ന്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ ഇനി ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ വിഷയത്തില്‍ മന്ത്രി എ.കെ.ബാലനും ഇടപെട്ടു. ഇരു കൂട്ടരുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് ചെയ്യാനാകുന്നത് ചെയ്യുമെന്നാണ് ഷെയ്‌നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞത്. രണ്ട് പേരും രണ്ട് ധ്രുവത്തിലിരുന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നും മന്ത്രി പറഞ്ഞു.