പ്രതിഫല വിഷയത്തില്‍ നിര്‍മാതാക്കളുമായി സഹകരിക്കണം; താരങ്ങള്‍ക്ക് കത്തയച്ച് അമ്മ

പ്രതിഫലത്തിന്റെ കാര്യത്തില് നിര്മാതാക്കളുമായി സഹകരിക്കണമെന്ന് താരങ്ങള്ക്ക് നിര്ദേശം നല്കി അമ്മ
 | 
പ്രതിഫല വിഷയത്തില്‍ നിര്‍മാതാക്കളുമായി സഹകരിക്കണം; താരങ്ങള്‍ക്ക് കത്തയച്ച് അമ്മ

കൊച്ചി: പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മാതാക്കളുമായി സഹകരിക്കണമെന്ന് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമ്മ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് താരസംഘടന അംഗങ്ങള്‍ക്ക് കത്തയച്ചു. നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തികനഷ്ടം വ്യക്തമാണെന്നും അമ്മ അറിയിച്ചു. പുതിയ സിനിമകളില്‍ അഭിനയിക്കുന്നതില്‍ തടസമില്ലെന്നും സംഘടന താരങ്ങളെ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ട സാമ്പത്തിക നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളും ടെക്‌നീഷ്യന്‍മാരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കവുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. നിര്‍മാണ ചെലവ് പകുതിയായി കുറയ്ക്കുന്നത് ലക്ഷ്യമിട്ടായിരുന്നു തീരുമാനം. എന്നാല്‍ സംഘടനയുടെ പ്രഖ്യാപനം പൊതുവേദിയില്‍ ആയത് താരങ്ങളുടെ അമര്‍ഷത്തിന് കാരണമായി.

പ്രതിഫലം വ്യക്തിപരമായ കാര്യമാണ്. താരങ്ങളും നിര്‍മാതാക്കളുമാണ് അത് തീരുമാനിക്കേണ്ടത്. അതൊരു നിശ്ചിത തുകയല്ലെന്നും എന്നാല്‍ നിര്‍മാതാക്കള്‍ക്ക് അനുകൂലമായി നിലപാട് എടുക്കണമെന്നുമാണ് അമ്മ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.