ബിനീഷ് ബാസ്റ്റിന്‍ സംഘടനയില്‍ അംഗമല്ല; പ്രതികരണത്തിനില്ലെന്ന് താര സംഘടന ‘അമ്മ’

സംവിധായകന് അനില് രാധാകൃഷ്ണന് മേനോനും കോളേജ് ഭാരവാഹികളും നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില് പ്രതികരണത്തിനില്ലെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു.
 | 
ബിനീഷ് ബാസ്റ്റിന്‍ സംഘടനയില്‍ അംഗമല്ല; പ്രതികരണത്തിനില്ലെന്ന് താര സംഘടന ‘അമ്മ’

കൊച്ചി: സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും കോളേജ് ഭാരവാഹികളും നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണത്തിനില്ലെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു. ബിനീഷ് ബാസ്റ്റിന്‍ താരസംഘടനയില്‍ അംഗമല്ലെന്നും വിഷയത്തെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് മാനദണ്ഡം.

ഒരു ലക്ഷം രൂപയാണ് അംഗത്വ ഫീസ്. ഒരു അഭിനേതാവ് സിനിമയില്‍ സജീവമായതിന് ശേഷം അപേക്ഷിക്കുമ്പോഴാണ് അംഗത്വം നല്‍കുന്നത്. അംഗത്വ ഫീസ കടം വാങ്ങി നല്‍കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അത് സിനിമയില്‍ നിന്നുള്ള വരുമാനത്തിലൂടെ ആകണമെന്നുമാണ് നിലപാട്. അതുകൊണ്ടുതന്നെ അംഗത്വത്തിനായി അങ്ങോട്ടു പോയി ക്ഷണിക്കാറില്ല. സൗബിന്‍ ഷാഹിറിനെപ്പോലെ സംഘടനയില്‍ അംഗത്വമില്ലാത്ത താരങ്ങളുമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് മാഗസിന്‍ പ്രകാശനത്തിന് എത്തിയിരുന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞുവെന്ന് ആരോപിച്ച് ബാസ്റ്റിന്‍ വേദിയില്‍ പ്രതിഷേധിക്കുകയായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും ബിനീഷിനെ അപമാനിച്ചിരുന്നു.