ഡബ്ല്യുസിസി ഇടപെടല്‍ ഫലം കാണുന്നു; എഎംഎംഎ ഭരണഘടന ഭേദഗതി ചെയ്യുന്നു; പരാതി പരിഹാര സമിതി രൂപീകരിക്കും

സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ ഭരണഘടന ഭേദഗതി ചെയ്യാന് തീരുമാനിച്ചു.
 | 
ഡബ്ല്യുസിസി ഇടപെടല്‍ ഫലം കാണുന്നു; എഎംഎംഎ ഭരണഘടന ഭേദഗതി ചെയ്യുന്നു; പരാതി പരിഹാര സമിതി രൂപീകരിക്കും

കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ ശ്രമങ്ങള്‍ ഫലം കാണുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതും പരാതി പരിഹാര സമിതി രൂപീകരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഭരണഘടനയില്‍ മാറ്റം വരുത്തുന്നത്. ജൂണ്‍ 30ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്തു പാസാക്കാനാണ് തീരുമാനം.

സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമാണ് ഇപ്പോള്‍ വനിതാ പ്രാതിനിധ്യമുള്ളത്. സംഘടനയുടെ ഭരണ നേതൃത്വത്തില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നത് ഡബ്ല്യുസിസി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച കാര്യമാണ്. സംഘടനയില്‍ത്തന്നെ ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി മുതല്‍ വനിതാ പ്രതിനിധിയെയായിരിക്കും തെരഞ്ഞെടുക്കുക. നിലവില്‍ ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍.

ഡബ്ല്യുസിസി നല്‍കിയ ഹര്‍ജിയില്‍ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതി കോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്നതാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നിയമ പ്രകാരമുള്ള സമിതിയല്ല സംഘടന രൂപീകരിച്ചതെന്ന് റിമ കല്ലിങ്കലും പത്മപ്രിയയും നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സമിതിയില്‍ പുറത്തു നിന്നുള്ള അംഗത്തെ ഉള്‍പ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടും പരാതി പരിഹാര സമിതി രൂപീകരിച്ചുകൊണ്ടുമുള്ള ഭരണഘടനയിലെ മാറ്റങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം ജനറല്‍ ബോഡിക്ക് വിടും. ജനറല്‍ ബോഡിയില്‍ നിര്‍ദേശം പാസാക്കിയെടുക്കാനാണ് ശ്രമം നടക്കുന്നത്.