Sunday , 9 August 2020
News Updates

സോഷ്യല്‍ മീഡിയ ആക്രമണം; ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുകയും മോശം ഭാഷയില്‍ വീഡിയോ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തില്‍ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പ്. മറുനാടന്‍ മലയാളി എഡിറ്ററായ ഷാജന്‍ സ്‌കറിയക്കും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ തെറിവിളിയുമായി എത്തിവര്‍ക്കും എതിരെയാണ് ന്യൂസ് 18 കേരളത്തില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായ അപര്‍ണ പരാതി നല്‍കിയിരിക്കുന്നത്. മറുനാടന്‍ മലയാളി ഫെയിസ്ബുക്ക് പേജിലെ വീഡിയോയിലാണ് ഷാജന്‍ സ്‌കറിയ അപര്‍ണക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തിയത്.

സിപിഎമ്മിനെയും പിണറായി വിജയനെയും മന്ത്രിമാരെയും സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന മാധ്യമപ്രവര്‍ത്തകയാണ് അപര്‍ണ കുറുപ്പ് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു ഷാജന്റെ വീഡിയോ ആരംഭിച്ചത്. അപര്‍ണക്കെതിരെ വന്ന മോശം കമന്റുകളിലൊന്ന് ഉദ്ധരിച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തിയ ഷാജന്‍ വീഡിയോയുടെ അടിക്കുറിപ്പായി അതേ വാചകം തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ ആക്രമണം നടത്തുകയും അതിനായി മറ്റുള്ളവരെ ആഹ്വാനം ചെയ്യുകയും ചെയ്ത ഷാജനെ നിയമപരമായി നേരിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അപര്‍ണ ഫെയിസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഹൈടെക് സെല്ലിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. പോസ്റ്റുകളില്‍ തെറിവിളി നടത്തിയവരുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും സൈബര്‍ ഡോമിനും നല്‍കിയിട്ടുണ്ടെന്ന് അപര്‍ണ വ്യക്തമാക്കി.

പാസിന് പോലും അപേക്ഷിക്കാതെ ചെക്ക് പോസ്റ്റിലെത്തി, കുട്ടികളെയും പിടിച്ച് നിരത്തി കണ്ണീരും പരാതിയും പറഞ്ഞാല്‍ ചാനലുകാര്‍ വാര്‍ത്ത കൊടുക്കും. പാസില്ലാതെ കയറിപ്പോരാന്‍ മന്ത്രിയും പറയും. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് നാട്ടിലെത്താന്‍ വരുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത് എന്നായിരുന്നു അപര്‍ണയുടെ ട്വീറ്റ്. ഈ ട്വീറ്റിലാണ് കടുത്ത സൈബര്‍ ആക്രമണം നടന്നത്.

സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകള്‍ വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കാണ്. അതായത് മറുനാടുകളില്‍ നിന്ന് എത്തുന്നവരെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കേണ്ടത് എന്നതും വ്യക്തമാണെന്ന് അപര്‍ണ പറഞ്ഞു. ഇങ്ങനെ മറുനാടുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍, രോഗം കണ്ടെത്താന്‍, ചികിത്സ ഉറപ്പാക്കാന്‍, ക്വാറന്റൈന്‍ ഒരുക്കാന്‍, സജ്ജമാണ് ഈ സംസ്ഥാനം.

ആ പ്രതിരോധസംവിധാനത്തിനൊപ്പമാണ് താന്‍ നിന്നത്. പാസില്ലാതെ ആള്‍ക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും അതാണ് ചെയ്തതെന്നും അപര്‍ണ പോസ്റ്റില്‍ വിശദീകരിക്കുന്നു.

പോസ്റ്റ് വായിക്കാം

അപ്പോ ,കാര്യങ്ങൾ ഇനി നിയമത്തിൻ്റെ വഴിയേ പോകട്ടെ !
സംസ്ഥാനത്ത് വയനാട്ടിൽ ഏറ്റവുമൊടുവിൽ സ്ഥിരീകരിക്കപ്പെട്ട ഏഴ് കേസുകൾ കോയമ്പേട് നിന്ന് വന്നവരാണ്, അബുദാബി വിമാനത്തിലെത്തിയ രണ്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
അതായത് മറുനാടുകളിൽ നിന്ന് എത്തുന്നവരെ അതീവജാഗ്രതയോടെ തന്നെയാണ് സംസ്ഥാനത്തിന്റെ പ്രതിരോധസംവിധാനം നിരീക്ഷിക്കേണ്ടത് എന്നത് അത്രയും വ്യക്തം.
ഇങ്ങനെ മറുനാടുകളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാൻ , രോഗം കണ്ടെത്താൻ , ചികിത്സ ഉറപ്പാക്കാൻ , ക്വാറന്റൈൻ ഒരുക്കാൻ, സജ്ജമാണ് ഈ സംസ്ഥാനം. ആ പ്രതിരോധസംവിധാനത്തിനൊപ്പമാണ് ഞാൻ നിന്നത്.
പാസില്ലാതെ ആൾക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവർത്തക എന്ന രീതിയിൽ എന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്തതും.
ആ കാരണം കൊണ്ട് എനിക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ
മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ട്.
പരാതി മുഖ്യമന്ത്രിക്ക്, സംസ്ഥാന പോലീസ് മേധാവിക്ക്, ഹൈടെക് സെല്ലിന് കൈമാറിയിട്ടുമുണ്ട്.
വെർബൽ റേപ് നടത്തിയും പുലയാട്ടു വിളിച്ചും ഈ പേജിലെ പോസ്റ്റുകൾക്ക് താഴേയും അല്ലാതെയും നിലവിളിക്കുന്ന സേട്ടന്മാരുടെ വിവരങ്ങളും കയ്യോടെ സക്രീൻ ഷോട്ട് സഹിതം സൈബർഡോമിനും കൈമാറിയിട്ടുണ്ട്.
അപ്പോ, ഇവിടൊക്കെ തന്നെ ഉണ്ടാകണം !

അപ്പോ ,കാര്യങ്ങൾ ഇനി നിയമത്തിൻ്റെ വഴിയേ പോകട്ടെ !

സംസ്ഥാനത്ത് വയനാട്ടിൽ ഏറ്റവുമൊടുവിൽ സ്ഥിരീകരിക്കപ്പെട്ട ഏഴ് കേസുകൾ…

Posted by AparnaKurup on Monday, May 11, 2020

DONT MISS