നെട്ടൂര്‍ കൊലപാതകം; അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് അര്‍ജുന്റെ പിതാവ്

കൊച്ചി, നെട്ടൂരില് യുവാവിനെ കൊലപ്പെടുത്തി ചതുപ്പില് താഴ്ത്തിയ നിലയില് കണ്ടെത്തിയ സംഭവത്തില് പോലീസിനെതിരെ ആരോപണം.
 | 
നെട്ടൂര്‍ കൊലപാതകം; അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് അര്‍ജുന്റെ പിതാവ്

കൊച്ചി: കൊച്ചി, നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണം. കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് വിദ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികളെ പോലീസില്‍ ഏല്‍പിച്ചിട്ടും കൂടുതല്‍ അന്വേഷണം നടത്താതെ ഇവരെ പറഞ്ഞുവിട്ടുവെന്ന് വിദ്യന്‍ പറഞ്ഞു. റോണി, നിബിന്‍ എന്നിവരെയാണ് പോലീസില്‍ ഏല്‍പിച്ചത്. ജൂലൈ രണ്ടാം തിയതിയാണ് അര്‍ജുനെ കാണാതായത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ മൂന്നാം തിയതി തന്നെ പോലീസില്‍ അറിയിച്ചിരുന്നതാണെന്ന് വിദ്യന്‍ വ്യക്തമാക്കി.

അഞ്ചാം തിയതിയാണ് റോണിയെയും നിബിനെയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. ഒമ്പതാം തിയതി വരെ പോലീസ് ആരുടെയും മൊഴിയെടുക്കാന്‍ തയ്യാറായില്ല. ബുധനാഴ്ച വൈകിട്ടാണ് നെട്ടൂരില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ഒരാക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പിടിയിലായവരില്‍ ഒരാളുടെ സഹോദരന്റെ മരണത്തിന് കാരണം അര്‍ജുനാണെന്ന ധാരണയില്‍ നടത്തിയ പ്രതികാരമാണ് കൊലയെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തിലാണ് പ്രതികളിലൊരാളുടെ സഹോദരന്‍ മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ അര്‍ജുനും ഉണ്ടായിരുന്നു. അപകടത്തില്‍ അര്‍ജുന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അര്‍ജുന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിടിയിലായയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

പെട്രോള്‍ തീര്‍ന്നുവെന്ന് പറഞ്ഞാണ് അര്‍ജുനെ ഇവര്‍ വിളിച്ചു വരുത്തിയത്. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. കല്ലുകൊണ്ടും പട്ടികയ്ക്കും തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നും പ്രതികള്‍ സമ്മതിച്ചു. ജൂലൈ രണ്ടാം തിയതിയാണ് അര്‍ജുനെ കാണാതാകുന്നത്. അന്ന് രാത്രി 10 മണിക്കാണ് പ്രതികള്‍ അര്‍ജുനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്.