നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പിടിയിലായ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില് കസ്റ്റഡിയിലെടുത്ത നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
 | 
നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പിടിയിലായ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഇയാളുടെ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇവര്‍ നാലു പേരുമാണ് തന്റെയും മകളുടെയും മരണത്തിന് ഉത്തരവാദികള്‍ എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ ലേഖ കുറിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ വിഷം തന്ന് കൊലപ്പെടുത്താന്‍ കൃഷ്ണമ്മ ശ്രമിച്ചിട്ടുണ്ടെന്നും ബാങ്കില്‍ നിന്ന് ലഭിച്ച ജപ്തി നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിക്കുക മാത്രമാണ് ഭര്‍ത്താവ് ചെയ്തതെന്നും കത്തില്‍ പറയുന്നു. കൃഷ്ണമ്മയും ശാന്തയും തന്നെയും മകളെയും കുറിച്ച് അപവാദ പ്രചാരണം നടത്തി.

ഭാര്യ എന്ന സ്ഥാനം ഒരിക്കലും നല്‍കിയില്ല. ശാന്തയുടെ നിര്‍ബന്ധത്തില്‍ മകളെ മന്ത്രവാദിക്ക് നല്‍കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും ഇവരെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിലുണ്ട്. ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലാണ് കുറിപ്പ് കണ്ടെത്തിയത്. ഇതു കൂടാതെ നാലു പേരുടെയും പേരുകള്‍ ചുമരില്‍ എഴുതിയിരുന്നു.