ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; പ്രതി ഓട്ടോ ഡ്രൈവര്‍ സുരേഷ് പിടിയില്‍

വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്ദ്ദിച്ച സംഭവത്തില് പ്രതി പിടിയില്.
 | 
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; പ്രതി ഓട്ടോ ഡ്രൈവര്‍ സുരേഷ് പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കോലയില്‍ ഓട്ടോ ഡ്രൈവറായ വെങ്ങാനൂര്‍ തൈവിളാകത്ത് ശിവശൈലം വീട്ടില്‍ സുരേഷിനെ(47)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു സുരേഷ്.

ശനിയാഴ്ച രാത്രി 7.30നായിരുന്നു സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതമിനെ പിന്നോട്ടെടുക്കുകയായിരുന്ന സുരേഷിന്റെ ഓട്ടോ ഇടിച്ചു. ഇത് ചോദിച്ചപ്പോഴാണ് സുരേഷ് ഗൗതമിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. എന്റെ ആധാറും ലൈസന്‍സും ഇതാ, നിന്റെ ആധാര്‍ എവിടെയെന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഗൗതം കാര്‍ഡ് എടുത്ത് നല്‍കി. സുരേഷ് അത് പിടിച്ചു വാങ്ങുകയായിരുന്നു.

നീ എവിടുത്തുകാരനാ, ജാര്‍ഖണ്ഡോ ഒറീസയോ ബംഗാളോ, ആധാര്‍ കാണിക്കെടാ ഇതൊക്കെ ക്യാമറയില്‍ പിടിക്കെടാ എന്നും സുരേഷ് പറഞ്ഞു. സമീപത്തുണ്ടായിരുന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുരേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സുരേഷ് മൊബൈല്‍ കടയില്‍ കയറി മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മറ്റൊരാളും രംഗത്തെത്തിയിട്ടുണ്ട്.