Sunday , 9 August 2020
News Updates

കോവിഡിനെക്കാള്‍ വലിയ ഭീഷണിയാണ് ഞാനെന്ന പ്രചാരണമാണ് നടന്നത്; പ്രതികരിച്ച് അയ്യപ്പദാസ്

കൊച്ചി: കോട്ടയം, മണര്‍കാട്ടെ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന വാര്‍ത്തക്കെതിരെ കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. വാര്‍ത്തക്കെതിരെ മന്ത്രി കെ.കെ.ശൈലജയും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ അവതാരകനായ അയ്യപ്പദാസ് രോഗിയുമായി സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ ശക്തമായാണ് വിമര്‍ശിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പിന്നീട് അവതാരകന്‍ അയ്യപ്പദാസ് രംഗത്തെത്തി. ഒറ്റ രാത്രികൊണ്ട് കോവിഡിനെക്കാള്‍ വലിയ ഭീഷണിയാണ് ഞാനെന്ന പ്രചാരണമാണ് നടന്നത്. തന്നെ അറിയുന്ന, പിന്തുണയ്ക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും തെറ്റിദ്ധരിച്ചു പോയിട്ടുണ്ടെങ്കില്‍ അവരോട് മാത്രമാണ് പ്രതികരണം എന്ന് അയ്യപ്പദാസ് പറയുന്നു. 24 മണിക്കൂറായി അറയ്ക്കുന്ന ഭാഷയില്‍ വ്യക്തിഹത്യ നേരിടുകയാണ്. ഇതല്ലേ ആള്‍ക്കൂട്ട ആക്രമണം എന്ന് അയ്യപ്പദാസ് ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

മാധ്യമ പ്രവർത്തകനാണ്. കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം വേറെ ജോലി വേറെ. ജോലിയിൽ മുന്നിൽ വരുന്ന സാഹചര്യത്തെ സമീപിക്കുന്നത് വാർത്തയുടെ കണ്ണിൽ മാത്രം. അതിനർഥം പാളിച്ചകൾ ഇല്ലെന്നല്ല. വിമർശനങ്ങൾക്ക് അതീതനുമല്ല. ആമുഖമായി ഇത്ര.
ഒറ്റ രാത്രികൊണ്ട് കോവിഡിനെക്കാൾ വലിയ ഭീഷണിയാണ് ഞാനെന്ന പ്രചാരണമാണ് നടന്നത്. മുൻവിധിയോടെ സമീപിച്ചവരോടും രാഷ്ട്രീയം ആരോപിച്ചവരോടും വിദ്വേഷ ക്യാംപെയ്ൻ നടത്തിയവരോടും അല്ല പറയുന്നത്. നാട്ടിലും വിദേശത്തുമിരുന്ന് മാധ്യമ പ്രവർത്തനം പഠിപ്പിക്കാനും അവഹേളിക്കാനും ശ്രമിച്ച ചില മാധ്യമശ്രേഷ്ഠരോടും അല്ല. എന്നെ അറിയുന്ന പിന്തുണയ്ക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും തെറ്റിദ്ധരിച്ചു പോയിട്ടുണ്ടെങ്കിൽ അവരോട് മാത്രം.
ഇന്നലെ വൈകിട്ട് 7.40നാണ് ആ വാർത്ത ഡെസ്കിൽ വരുന്നത്. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപ്പോൾത്തന്നെ റിപ്പോർട്ടറെ ഫോണിൽ വിളിച്ചു. പഞ്ചായത്തിന്റെ പ്രതിനിധികളെ വിളിച്ചു. അവരിത് പറയുന്നു. ആ ബുള്ളറ്റിൻ കഴിഞ്ഞ് counter point നായി ഞാൻ എത്തുന്നു. ഇങ്ങനെയൊരു വാർത്തയിരിക്കെ അതിലേക്ക് പോകാം ആദ്യം എന്ന് തീരുമാനിച്ചു. റിപ്പോർട്ടറെ വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റിയില്ല എന്നതാണല്ലോ പ്രശ്നം. ഈ രോഗികളിൽ ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമോ? വിളിച്ചു നോക്കുന്നു. മുൻവിധിയോടെ കണ്ടവരോട് പറയട്ടെ. ആ ഫോൺ കോൾ ഒരുപക്ഷെ ഒരു സഹായമായെങ്കിലോ എന്ന ഒറ്റ തോന്നലിലാണ് വിളിച്ചത്. ആ വ്യക്തിയുടെ പേര് ചോദിച്ചില്ല. വീട്ടിൽ ആരൊക്കെ എന്ന ടക്കം ഒരു സ്വകാര്യ വിവരവും ചോദിച്ചില്ല. അദ്ദേഹത്തിന് പരാതിയില്ല. എന്തേ പരാതിയില്ല എന്ന് ചോദിച്ചില്ല. ക്വാറന്റീൻ ലംഘിച്ച വ്യക്തിയെന്നറിഞ്ഞിട്ടും അത്തരം ഒരു ചോദ്യത്തിനും തുനിഞ്ഞില്ല. അദ്ദേഹത്തിന് പരാതിയില്ല എന്നതിനെയാണല്ലോ മറുപടിയിൽ ആങ്കർ തേഞ്ഞൊട്ടിയെന്നൊക്കെ ആക്ഷേപിച്ചത്. ഒരു പ്രശ്നവുമില്ല സർ. രാഷ്ട്രീയം വച്ച് വിളിച്ചതല്ല. പ്രത്യേകതരം മറുപടി ആഗ്രഹിച്ചുമില്ല. ഇതിലെവിടെയാണ് സ്വകാര്യത ലംഘിക്കപ്പെട്ടത്? ആ വ്യക്തിക്ക് സഹായകമാവുന്ന ഒരു ഇടപെടൽ ആയാലോ എന്ന തോന്നൽ മാത്രം. ആവർത്തിക്കുന്നു.
എവിടെ നിന്ന് കിട്ടി കോവിഡ് രോഗിയുടെ ഫോൺ നമ്പർ എന്ന ആക്രോശം
പറയാം. എന്തേ ഈ ചോദ്യം ആ ചെങ്ങളത്തെ രോഗികളെ വിളിച്ചപ്പോൾ ഉണ്ടായില്ല.? കാസർകോട്ടെ ഒരാളെ വിളിക്കേണ്ടി വന്നപ്പോൾ ഉണ്ടായില്ല? സാഹചര്യമാണ് അതിനനുസരിച്ച ഇടപെടൽ ആവശ്യപ്പെടുന്നത്. 400 ലേറെ രോഗികളുണ്ടായില്ലേ കേരളത്തിൽ? വേറെ എത്രപേരെ വിളിച്ചു സർ? കുത്തിത്തിരിപ്പിന് ശ്രമിച്ചു സർ?
എന്താണ് ആ live chat നു ശേഷം ഞാൻ പറഞ്ഞത് എന്ന് ഓർമിപ്പിക്കട്ടെ. ഇതവിടെ ഇപ്പോഴുള്ള ഒരു പ്രശ്നമാണ്. ഇതിൽ ഒരു രാഷ്ട്രീയ പ്രതികരണവും തേടുന്നില്ല. വേണമെങ്കിൽ ആകാമായിരുന്നു. സി പി എം, ബി ജെ പി എം പിമാർ പാനലിലുണ്ട്. ചോദിച്ചില്ല. എവിടെയാണിതിൽ രാഷ്ട്രീയം?
കോവിഡിനെക്കുറിച്ച് പഠിപ്പിക്കാൻ ഇറങ്ങിയവരോട്. അത്യാവശ്യമൊക്കെ മനസിലാക്കുന്നുണ്ട്. വിദേശത്ത് ഒരു തലമുറക്ക് വേണ്ടി മറ്റൊരു തലമുറയെ മരണത്തിന് വിട്ടുകൊടുക്കുന്നതിന്റെ കഥ പറഞ്ഞല്ലോ. വീടു തന്നെ ആശുപത്രിയാക്കുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ. എന്തിനാണീ താരതമ്യം? നമുക്ക് അങ്ങനെയൊരു സാഹചര്യം ഇപ്പോൾ ഇല്ലല്ലോ. പരിമിതരായ പുതിയ രോഗികളെ ആശുപത്രിയിലെത്തിക്കാൻ എന്തിന് വൈകണം? ഒരു ഫോൺ കോളിൽ നിമിഷാർധത്തിലെത്തി രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ളതല്ലേ ഇന്നാട്ടിലെ പദ്ധതി ? അതിന്റെ ട്രയൽ റണ്ണല്ലേ ഈ ദിവസങ്ങളിൽ ഇവിടെ നടന്നത്? അപ്പോൾ എന്താണ് കോട്ടയത്തുണ്ടായത്?
പിന്നൊന്ന് അദ്ദേഹത്തിന് പരാതിയില്ല.
വേണ്ട. വൈകിയെന്ന് അദ്ദേഹത്തിന് തോന്നണ്ട. ഒട്ടും വൈകണ്ട എന്നത് നാടിന്റെ തോന്നലാണ്. അതിനേ കാത് കൊടുക്കേണ്ടു.
പിന്നെ വ്യക്തിഹത്യ.
24 മണിക്കറായി നേരിടുകയാണ്. അറയ്ക്കുന്ന ഭാഷയിൽ. ഇതല്ലേ mob lynching? നടക്കട്ടെ. ഒരു രാഷട്രീയ താൽപര്യവുമില്ല. അജണ്ടയുമില്ല. അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല. പൊതു space ലെ അപമാനിക്കൽ ചിലർക്ക് തൃപ്തിയും സന്തോഷവും നൽകിയെങ്കിൽ പരിഭവവുമില്ല.
ഞാൻ അയ്യപ്പദാസ്.
മാധ്യമപ്രവർത്തകനാണ്.
സ്വന്തം ബോധ്യമാണ് കൈമുതൽ.

മാധ്യമ പ്രവർത്തകനാണ്. കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം വേറെ ജോലി വേറെ. ജോലിയിൽ മുന്നിൽ വരുന്ന സാഹചര്യത്തെ…

Posted by Ayyappadas Aravindakshan on Tuesday, April 28, 2020

DONT MISS