പാലക്കാട് ലാത്തിച്ചാര്‍ജില്‍ വി.ടി.ബല്‍റാമിന് പരിക്ക്; ക്രൂര മര്‍ദ്ദനമെന്ന് ബല്‍റാം

കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന മാര്ച്ചിലുണ്ടായ സംഘര്ഷത്തെ തുടര്ന്ന് വി.ടി.ബല്റാം എംഎല്എയ്ക്ക് പരിക്ക്.
 | 
പാലക്കാട് ലാത്തിച്ചാര്‍ജില്‍ വി.ടി.ബല്‍റാമിന് പരിക്ക്; ക്രൂര മര്‍ദ്ദനമെന്ന് ബല്‍റാം

പാലക്കാട്: കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് പരിക്ക്. ലാത്തിച്ചാര്‍ജിലാണ് ബല്‍റാമിന് പരിക്കേറ്റത്. തലയ്ക്കാണ് പരിക്ക്. നടന്നത് ക്രൂര മര്‍ദ്ദനമാണെന്നും വനിതാ പ്രവര്‍ത്തകയുടെ നാഭിക്ക് പുരുഷ പോലീസ് ചവിട്ടിയെന്നും പ്രവര്‍ത്തകയെ വലിച്ചിഴച്ചുവെന്നും ബല്‍റാം പറഞ്ഞു.

യാതൊരു നീതീകരണവുമില്ലാത്ത ആക്രമണമാണ് ഉണ്ടായത്. വിഷയത്തില്‍ അതിശക്തമായ അന്വേഷണം ഉണ്ടാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. പാലക്കാട് നടന്ന പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ ലാത്തിച്ചാര്‍ജ് ഉണ്ടാവുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

പ്രവര്‍ത്തകരില്‍ പലരുടെയും കയ്യൊടിഞ്ഞിട്ടുണ്ടെന്നാണ് ബല്‍റാം പറഞ്ഞത്. തന്റെ തലയ്ക്കാണ് അടിയേറ്റത്. തല പൊട്ടിയിട്ടുണ്ടോ എന്ന് അറിയില്ല. അക്രമം സഹിക്കാനാവാതെയാണ് ആശുപത്രിയില്‍ പോയത്. പോലീസ് അതിക്രമം അവിടെയും തുടരുകയായിരുന്നുവെന്നും ബല്‍റാം പറഞ്ഞു.