ഫേസ്ബുക്ക് യുദ്ധം അവസാനിപ്പിക്കാന്‍ ബല്‍റാമിന്റെ മുന്‍കൈ

കഴിഞ്ഞ കുറച്ചു ദിവസമായി ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി തുടര്ന്നു വരുന്ന വാക്പോര് അവസാനിപ്പിക്കാന് വി.ടി. ബല്റാം എംഎല്എ മുന്കൈ എടുത്തു. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് ബല്റാം നിലപാട് അറിയിച്ചത്. കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധിയെ പപ്പുേേമാന് എന്നു വിളിച്ച് അധിക്ഷേപിച്ച സുരേന്ദ്രനാണോ തനിക്ക് നല്ലമലയാളത്തെക്കുറിച്ച് ക്ലാസെടുക്കുന്നതെന്ന് ബല്റാം ചോദിക്കുന്നു.
 | 

ഫേസ്ബുക്ക് യുദ്ധം അവസാനിപ്പിക്കാന്‍ ബല്‍റാമിന്റെ മുന്‍കൈ
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസമായി ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി തുടര്‍ന്നു വരുന്ന വാക്‌പോര് അവസാനിപ്പിക്കാന്‍ വി.ടി. ബല്‍റാം എംഎല്‍എ മുന്‍കൈ എടുത്തു. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് ബല്‍റാം നിലപാട് അറിയിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുേേമാന്‍ എന്നു വിളിച്ച് അധിക്ഷേപിച്ച സുരേന്ദ്രനാണോ തനിക്ക് നല്ലമലയാളത്തെക്കുറിച്ച് ക്ലാസെടുക്കുന്നതെന്ന് ബല്‍റാം ചോദിക്കുന്നു.

സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി പിആര്‍ ഏജന്‍സികളൊക്കൊണ്ട് സ്വയം വികസന പുരുഷനായി ഊതി വീര്‍പ്പിച്ച് നില്‍ക്കുന്ന നരേന്ദ്രമോഡിയുടെ പൊള്ളത്തരം തുറന്ന് കാണിക്കാന്‍ സര്‍ക്കാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ആവുമെന്ന് ബല്‍റാം പറയുന്നു. ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യത്തേയും മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളേയും കിട്ടാവുന്നിടത്തൊക്കെ അവഹേളിക്കാനും തകര്‍ക്കാനും നോക്കുന്ന ആര്‍ എസ് എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടന ജനാധിപത്യ സംവിധാനങ്ങളുടെ സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്താന്‍ നോക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പരിഹാസമടക്കം എന്തും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന് ആയുധം തന്നെയാണെന്നും ബല്‍റാം പറയുന്നു.

സുരേന്ദ്രന്‍ കൂടി സഹകരിക്കുകയാണെങ്കില്‍ ഈ സംവാദം ഇതോടുകൂടി അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിടി ബല്‍റാം പറയുന്നു.
ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ കെ. സുരേന്ദ്രന്‍,
ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള താങ്കളുടെ ട്യൂഷനും നന്ദി. എന്റെ പേര് ബാലാരാമാ എന്നൊക്കെ നീട്ടിവലിച്ചും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ കൂടിയായ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ വെറും പപ്പുമോന്‍ എന്നാക്കിയുമൊക്കെ വിളിക്കുന്ന താങ്കള്‍ തന്നെയാണ് മാന്യമായ ഭാഷാ പ്രയോഗങ്ങളേക്കുറിച്ച് ക്ലാസെടുക്കാന്‍ ഏറ്റവും യോഗ്യന്‍.

പിന്നെ മാന്യതയും മര്യാദയുമൊക്കെ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരു മര്യാദയും അര്‍ഹിക്കാത്തവരാണ് ഫാഷിസ്റ്റുകള്‍. ഇന്ത്യയുടെ ബഹസ്വര ജനാധിപത്യത്തേയും മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളേയും കിട്ടാവുന്നിടത്തൊക്കെ അവഹേളിക്കാനും തകര്‍ക്കാനും നോക്കുന്ന ആര്‍ എസ് എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടന ജനാധിപത്യ സംവിധാനങ്ങളുടെ സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്താന്‍ നോക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പരിഹാസമടക്കം എന്തും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന് ആയുധം തന്നെയാണ്. ലോക ഭീകരന്‍ ഹിറ്റ്‌ലറുടെ കെട്ടിപ്പൊക്കിയ ഗാംഭീര്യം തകര്‍ത്തെറിഞ്ഞ് അയാളെ വെറും കോമാളിയാക്കി മാറ്റിയതില്‍ ചാര്‍ളി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ എന്ന ചലച്ചിത്രം വഹിച്ച പങ്ക് ഒരുപക്ഷേ താങ്കള്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ ജനാധിപത്യത്തിന് അങ്ങനേയും ചില സാധ്യതകളുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഇന്നത്തെ സര്‍ക്കാര്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈ ഐഐടിയിലുമടക്കം പിടിമുറുക്കാനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ശ്രമിക്കുന്നത് എന്നും എളുപ്പത്തില്‍ മനസ്സിലാവും. ഏതായാലും ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച് വിദേശ പി.ആര്‍. ഏജന്‍സികളെ വെച്ച് സ്വയം ഒരു വികസന പുരുഷനായി ജനങ്ങള്‍ക്ക് മുന്‍പില്‍ 56 ഇഞ്ച് നെഞ്ച് വിരിച്ചു നിന്നത് വെറും ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമായിരുന്നുവെന്നും അതിനെ ഇല്ലാതാക്കാന്‍ ഫേസ്ബുക്കിലെ കൊച്ചുകുട്ടിയായ ഐ.സി.യു.വിലൂടെയും മറ്റും ഇവിടത്തെ സാധാരണക്കാര്‍ മുന്നോട്ടുവെക്കുന്ന സര്‍ക്കാസവും ട്രോളുമാകുന്ന മൊട്ടുസൂചികള്‍ തന്നെ ധാരാളമാണെന്നുമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍ മീഡിയ നല്‍കുന്ന പാഠം.

ശ്രീ.നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടാണ്, ഇന്ത്യന്‍ ചക്രവര്‍ത്തിയായിട്ടല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭരണവീഴ്ചകള്‍ ഇവിടെ നിരന്തരം വിമര്‍ശിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതോടൊപ്പം ഒരു തരത്തിലുള്ള ബഹുമാനവും അര്‍ഹിക്കാത്ത അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കാന്‍ ഇനിയും പരിഹാസമടക്കം ഈ നാട്ടിലെ നിസ്സഹായരായ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന എല്ലാ സാധ്യതകളും അവരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ ഇനിയും എന്റെ ഭാഗത്തു നിന്ന് ഉപയോഗപ്പെടുത്തും. രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. എന്നാല്‍ ഈ രാജ്യത്തിന്റെ അടിസ്ഥാനപരമായ ലിബറല്‍, ജനാധിപത്യ, മതേതര സ്വഭാവത്തെ തച്ചുതകര്‍ത്ത് ഇവിടം പാരമ്പര്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയും സദാചാരത്തിന്റേയുമൊക്കെ പേരില്‍ അന്യമതവിദ്വേഷത്തിലും അന്യസംസ്‌ക്കാര നിരാസത്തിലുമൂന്നിയ ഒരു മതരാഷ്ട്രം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവര്‍ എന്റെ മാത്രമല്ല, ഈ നാടിന്റെ മുഴുവന്‍ ശത്രുക്കളാണ്. അത്തരക്കാരോടുള്ള സമീപനം സ്വാഭാവികമായും വ്യത്യസ്തമായിരിക്കും.

പിന്നെ തൃത്താലയില്‍ വന്ന് മത്സരിക്കാനുള്ള ബുദ്ധിമോശം താങ്കള്‍ കാണിക്കില്ലെന്ന് എനിക്കുമറിയാം. എന്നിരുന്നാലും താങ്കളുടേയോ പാര്‍ട്ടിയുടേയോ മനസ്സ് മാറുകയാണെങ്കില്‍ ഇവിടേക്ക് സ്വാഗതം. പക്ഷേ താങ്കളുടെ പാര്‍ട്ടിക്ക് ഘടക കക്ഷികളെ ഉണ്ടാക്കിത്തരേണ്ട ബാധ്യത കൂടി ദയവായി എന്റെ ചുമലില്‍ വെക്കരുത്. മുന്നണി രാഷ്ട്രീയത്തോട് തത്ത്വത്തിലോ പ്രയോഗതലത്തിലോ എതിര്‍പ്പുള്ള പാര്‍ട്ടിയല്ലല്ലോ താങ്കളുടേത്. ദേശീയതലത്തിലടക്കം നിങ്ങളുടെ പാര്‍ട്ടിക്ക് ഘടകകക്ഷികളുണ്ട്. കേരളത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കൊള്ളാവുന്ന ആരേയും കൂടെ കിട്ടുന്നില്ല എന്നത് നിങ്ങളാണ് ആലോചിക്കേണ്ടത്. ഉത്തരം മറ്റൊന്നുമല്ല, ഇത് കേരളമാണ് എന്നത് മാത്രമാണ്. ഫാഷിസത്തിന്റെ വിഷവിത്തുക്കള്‍ ആഴ്ന്നിറങ്ങണമെങ്കില്‍ കേരളം കുറച്ചുകൂടി അധപതിക്കണം. അതത്ര എളുപ്പത്തില്‍ സാധിക്കുമെന്ന് താങ്കള്‍ തെറ്റിദ്ധരിക്കേണ്ട.
താങ്കള്‍ കൂടി സഹകരിക്കുകയാണെങ്കില്‍ ഈ സംവാദം ഇതോടുകൂടി അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
സ്‌നേഹത്തോടെ,
വി.ടി.ബല്‍റാം