Monday , 13 July 2020
News Updates

ഉരുള്‍പൊട്ടലുകള്‍ എങ്ങനെ തടയാം? ദുരന്തങ്ങളെ അതിജീവിച്ച കെനിയന്‍ കര്‍ഷകര്‍ക്ക് ഉത്തരമുണ്ട്!

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമായ കാലവര്‍ഷക്കെടുതികള്‍ മലയോര മേഖലയെയും തീരപ്രദേശത്തെയും ദുരിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അധാര്‍മിക ഇടപെടലുകളാണ് പ്രധാനമായും പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. മഹാപ്രളയത്തിന് ശേഷവും കേരളം പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ഓരോ ദിവസം ചെല്ലുന്തോറും കേരളത്തില്‍ ക്വാറികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇതിന്റെ തെളിവാണ്.

ഇത്തവണത്തെ കാലവര്‍ഷക്കെടുതിയില്‍ മാത്രം 100ലധികം ജീവനുകളാണ് നമുക്ക് നഷ്ടമായത്. ദുരന്തത്തില്‍ നിന്ന് മോചിതരാകുകയെന്നതു പോലെ പ്രധാനമാണ് ഭാവിയില്‍ ഇവ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുന്നതും. എന്നാല്‍ കഴിഞ്ഞ പ്രളയത്തിന് ശേഷവും മുന്‍കരുതലുകള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കാന്‍ നാം തയ്യാറായില്ല. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് സമാനമായ ഭൂപ്രകൃതിയാണ് കേരളത്തിലെ മലയോര മേഖലയിലേത്. ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയേറിയ ഈ മേഖല കാലവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയിരിക്കുന്നു. കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാക്കി മാറ്റിയിരിക്കുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധരും സമ്മതിക്കുന്നു.

1995-2015 കാലഘട്ടങ്ങളില്‍ സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും സമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയായിരുന്നു. ഉരുള്‍പൊട്ടല്‍ അടിക്കടിയുണ്ടായതോടെ ചില ഗ്രാമങ്ങളിലെ കര്‍ഷകര്‍ കുന്നിന്‍ ചെരിവുകളില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തുടങ്ങി. ഇത് ഉരുള്‍പൊട്ടലിനെ വലിയ തോതില്‍ പ്രതിരോധിക്കാന്‍ സഹായിച്ചുവെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ കെനിയയിലെ കര്‍ഷകര്‍ക്കിടയില്‍ പരീക്ഷിച്ച വിജയിച്ച മോഡലിന്റെ ആദ്യത്തെ ഘടന രൂപം കൊള്ളുന്നതും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നാണ്.

എന്താണ് കെനിയന്‍ മോഡല്‍?

സെന്‍ട്രല്‍ കെനിയയില്‍ കര്‍ഷകരുടെ ഗ്രാമങ്ങള്‍ ഒരുകാലത്ത് സ്ഥിരമായി മഴവെള്ളത്തില്‍ ഒലിച്ചുപോയിരുന്നു. മലയോര മേഖലയിലെ മണ്ണിന്റെ ഗുണം ലഭിക്കാത്തതിനാല്‍ പലരും ജീവന്‍ പണയപ്പെടുത്തിയാണ് ഇവിടങ്ങളില്‍ ജിവിച്ചിരുന്നത്. ഇടക്കാല മഴ ലഭിക്കുന്ന സമയത്ത് പോലും വലിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകും. കണ്ണടച്ച് തുറക്കും മുന്‍പ് ഒരു ഗ്രാമം തന്നെ മണ്ണിനടിയിലാവുന്ന കാഴ്ച്ച. പലരും ഗ്രാമങ്ങള്‍ വിട്ട് ദൂരയിടങ്ങളിലേക്ക് കുടിയേറി പാര്‍ത്തു. നിവൃത്തിയില്ലാത്തവര്‍ ദുരന്തമുഖത്ത് തുടരേണ്ടി വന്നു.

ദുരന്തം തുടര്‍ക്കഥയാവുമെന്ന് വ്യക്തമായതോടെ പരിഹാരത്തിനായി സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളെ ഉള്‍പ്പെടെ ചേര്‍ത്ത് കര്‍ഷകര്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. 2018 നവംബര്‍ ഏഴിന് റോയിട്ടേഴ്‌സിന്റെ കെനിയന്‍ റിപ്പോര്‍ട്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ഭീതിയില്‍ നിന്ന് 80 ശതമാനം വരെ രക്ഷ നേടാന്‍ കഴിയുന്ന രീതിയിലേക്ക് ആ ഗ്രാമം അന്ന് മാറിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരിഞ്ഞ പ്രദേശങ്ങള്‍ വലിയ അളവില്‍ മുളകള്‍ നട്ടുപിടിപ്പിച്ചും മരങ്ങള്‍ നട്ടുമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയെ ഒരു ഗ്രാമം മുഴുവന്‍ നേരിട്ടത്.

മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളാണ് മുളകള്‍ക്കുള്ളത്. മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ ഈ വേരുകള്‍ക്ക് കഴിയും. മുളയ്‌ക്കൊപ്പം മരങ്ങളും കര്‍ഷകര്‍ നട്ടു. മുളകളുടെ പ്രധാന തായ്‌വേര് പെട്ടന്ന് മണ്ണിലേക്ക് പടരും. ഒരു മുളതൈ വെച്ചാല്‍ അത് പിന്നീട് പടര്‍ന്ന് പിടിക്കുകയും ചെയ്യും. ഇവയുടെ പരിപാലനവും ചിലവേറിയതല്ലെന്നതാണ് മറ്റൊരു വസ്തുത. 2016ലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ 1.2 ഹെക്ടര്‍ സ്ഥലത്ത് മുളകള്‍ വെച്ച് പിടിപ്പിച്ച കര്‍ഷകര്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് വന്ന ഇടക്കാല മഴ ഉരുള്‍പൊട്ടലിന് കാരണമായില്ലെന്നും കെനിയയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

മുളകൊണ്ടുള്ള സാമ്പത്തിക ലാഭം

കെനിയയിലെ കര്‍ഷകര്‍ മുളകൊണ്ട് ഉരുള്‍പൊട്ടല്‍ തടയുക മാത്രമായിരുന്നില്ല ചെയ്തത്. അവ വ്യവസായികാവശ്യത്തിനായി വില്‍ക്കുകയും ചെയ്തു. മുള ഉത്പ്പന്നങ്ങള്‍ ഇന്ന് ലോകപ്രശ്‌സ്തമാണ്. ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വീട് നിര്‍മിക്കാന്‍ പോലും മുള ഉപയോഗപ്പെടുത്താം. കേരളത്തില്‍ ഉറവ് പോലുള്ള സന്നദ്ധസംഘടനകള്‍ ഇവ വ്യവസായികാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നുമുണ്ട്. മുള വെട്ടിയെടുത്താലും വേരുകള്‍ ഭൂമിയില്‍ നിലനില്‍ക്കും. കൂടാതെ ഇത് പിന്നീട് പടര്‍ന്ന് വലുതാവുകയും ചെയ്യും. വലിയ തോതില്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന തൊഴില്‍ മേഖലയായും ഇതിനെ കാണാവുന്നതാണ്.

ഇന്ത്യയില്‍ 25ല്‍പ്പരം ഇനത്തിലുള്ള മുളകള്‍ വളരുന്നുണ്ട്. ഇവ കേരളത്തിലെ മലയോര പ്രദേശങ്ങളിലും വളരുന്നവയാണ്. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന പ്രതിരോധ മാര്‍ഗമെന്ന രീതിയിലും കാര്‍ഷിക വരുമാനമെന്ന രീതിയിലും മുളകള്‍ വെച്ചുപിടിപ്പിക്കാനാവും.

DONT MISS