ബാർ കോഴ: മാണിക്കെതിരേ ശാസ്ത്രീയ തെളിവുകൾ

ബാർ കോഴയിൽ മന്ത്രി കെ.എം. മാണിക്കെതിരേ കൂടുതൽ ശാസ്ത്രീയ തെളിവുകൾ. കോഴ ഇടപാട് നടന്ന ദിവസങ്ങളിൽ മാണി ബാറുടമയെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലൻസ്. മാണിയുടെ പേഴ്സണൽ സ്റ്റാഫ് സിബിയുടെ ഫോണിൽ നിന്ന് കൃഷ്ണദാസിനെ വിളിച്ചു.
 | 
ബാർ കോഴ: മാണിക്കെതിരേ ശാസ്ത്രീയ തെളിവുകൾ

 

തിരുവനന്തപുരം: ബാർ കോഴയിൽ മന്ത്രി കെ.എം. മാണിക്കെതിരേ കൂടുതൽ ശാസ്ത്രീയ തെളിവുകൾ. കോഴ ഇടപാട് നടന്ന ദിവസങ്ങളിൽ മാണി ബാറുടമയെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലൻസ്. മാണിയുടെ പേഴ്‌സണൽ സ്റ്റാഫ് സിബിയുടെ ഫോണിൽ നിന്ന് കൃഷ്ണദാസിനെ വിളിച്ചു.

വിജിലൻസ് തയ്യാറാക്കിയ വസ്തുതാവിവര റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് മാണിക്കെതിരേ ഉള്ളത്. ഇടപാട് നടന്ന ദിവസം മാണിയും ബാറുടമകളും ഒരേ ടവർ ലൊക്കേഷനിലായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കോഴ നൽകാൻ ബാറുടമകൾ പണം പിൻവലിച്ചതിന് തെളിവുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി.

ബാർ കോഴക്കേസിൽ കെ.എം മാണി പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നുകാട്ടി വിജിലൻസ് എസ്.പി പി.സുകേശൻ തയ്യാറിക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും വെച്ച് മാണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പണം കൈപ്പറ്റിയ തിയതിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ മാണിയെ പ്രോസിക്യൂട്ട് ചെയ്യാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിജിലൻസ് ഡയറക്ടർ വിൻസൻ.എം.പോൾ റിപ്പോർട്ട് തള്ളി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരമാണ് പുറത്തു വന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ബിജു രമേശിന് തന്നോടുള്ള വൈരാഗ്യമാണെന്നാണ് വിജിലൻസിന് നൽകിയ മൊഴി പകർപ്പിൽ മാണി പറയുന്നത്. റവന്യൂ മന്ത്രിയായിരിക്കെ ബിജുവിന്റെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതും ബാർ അടച്ചു പൂട്ടിയതുമാണ് വൈരാഗ്യത്തിന് കാരണമെന്നും മാണി പറയുന്നു. ബാറുടമകളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങൾ മാണി നിഷേധിച്ചു.