ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

ബെന്നി ബെഹനാന് യുഡിഎഫ് കണ്വീനര് സ്ഥാനം രാജിവെച്ചു.
 | 
ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

കൊച്ചി: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. തീരുമാനം സ്വയം എടുത്തതാണെന്ന് ബെന്നി ബെഹനാന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു. രാജിക്കത്ത് ഇന്ന് തന്നെ നല്‍കും. സൗഹാര്‍ദ്ദപരമായ ഒഴിഞ്ഞുപോക്കാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അടിസ്ഥാന രഹിത വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വേദനിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി. ഉമ്മന്‍ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടായെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചു. രാജിവെക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം അവസരങ്ങള്‍ക്ക് അറുതി വരുത്താനാണ് രാജിയെന്നും ബെഹനാന്‍ പറഞ്ഞു. ബെന്നി ബെഹനാന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എ ഗ്രൂപ്പിനുള്ളില്‍ തന്നെ ഉരുത്തിരിഞ്ഞ ഒരു ഫോര്‍മുലയാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നു.

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ യുഡിഎഫ് കണ്‍വീനറായി സംസ്ഥാനത്ത് തുടരാന്‍ ബെന്നി ബെഹനാന് കഴിയില്ലെന്ന് ഗ്രൂപ്പിനുളളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ബെഹനാന് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തുവന്ന എം.എം.ഹസന് സ്ഥാനം നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. എന്നാല്‍ ഇത് നടപ്പായിരുന്നില്ല. ഈ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയുമായി ബെഹനാന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.