ബിഗ് ബോസ് താരങ്ങള്‍ വീടിന് പുറത്ത്; വിമാനത്താവളത്തില്‍ നിന്നുള്ള സെല്‍ഫി വൈറല്‍

ബിഗ് ബോസ് മലയാളം സീസണ് 2 നിര്ത്തി വെക്കുന്നു എന്ന വാര്ത്തക്ക് പിന്നാലെ മത്സരാര്ത്ഥികളുടെ വിമാനത്താവളത്തില് നിന്നുള്ള സെല്ഫി വൈറലാകുന്നു.
 | 
ബിഗ് ബോസ് താരങ്ങള്‍ വീടിന് പുറത്ത്; വിമാനത്താവളത്തില്‍ നിന്നുള്ള സെല്‍ഫി വൈറല്‍

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തി വെക്കുന്നു എന്ന വാര്‍ത്തക്ക് പിന്നാലെ മത്സരാര്‍ത്ഥികളുടെ വിമാനത്താവളത്തില്‍ നിന്നുള്ള സെല്‍ഫി വൈറലാകുന്നു. താരങ്ങളായ ആര്യ, ഫുക്രു, എലീന പടിക്കല്‍ എന്നിവര്‍ വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസുകളുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലായത്. ആരാധകര്‍ക്കൊപ്പമാണ് താരങ്ങള്‍ സെല്‍ഫിക്ക് പോസ് ചെയ്തത്.

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ അറിയിച്ചത്. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനമെന്നും കമ്പനി വിശദീകരിക്കുന്നു. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ തുടക്കം മുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് രോഗങ്ങള്‍ ബാധിക്കുന്നത് വാര്‍ത്തയായിരുന്നു.