പക്ഷിപ്പനി; കോഴിക്കോട് കൊടിയത്തൂരിലും സമീപ പ്രദേശങ്ങളിലും ഇറച്ചി വ്യാപാരം നിരോധിച്ചു

ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില് പക്ഷിവിഭവങ്ങളൊന്നും (കോഴി,കാട,താറാവ്) വില്ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.
 | 
പക്ഷിപ്പനി; കോഴിക്കോട് കൊടിയത്തൂരിലും സമീപ പ്രദേശങ്ങളിലും ഇറച്ചി വ്യാപാരം നിരോധിച്ചു

കോഴിക്കോട്: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് കൊടിയത്തൂരിലും സമീപ പ്രദേശങ്ങളിലും ഇറച്ചി വ്യാപാരം നിരോധിച്ചു. പഞ്ചായത്ത് അധികൃതരാണ് ഉത്തരവിറക്കിയിരിക്കുന്നത്. കോഴിയടക്കം എല്ലാതരം ഇറച്ചികളും വില്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് ഉത്തരവ്. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചിട്ടുണ്ട്.

ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി,കാട,താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

പക്ഷിപ്പനി വ്യക്തമായ സാഹചര്യത്തില്‍ രോഗബാധയേറ്റതായി സംശയമുള്ള കോഴികളെ കത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും നശിപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഇരുപതിയഞ്ച് ടീമുകളാണ് നേതൃത്വം നല്‍കുന്നത്. ഓരോ ടീമിലും അഞ്ചംഗങ്ങള്‍ വീതം ഉണ്ടായിരിക്കും.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ റവന്യു, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ യോഗം ചേരും. 2014 നവംബറില്‍ കേരളത്തിലെ ഒന്നിലധികം ജില്ലകളില്‍ പക്ഷിപനി പടര്‍ന്നുപിടിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി പാലക്കാട് തൃശ്ശൂര്‍ തുടങ്ങി ജില്ലകളില്‍ ഇത് ആശങ്ക പടര്‍ത്തിയിരുന്നു. 2003ല്‍ ഏഷ്യയിലാകെ വലിയ ഭീഷണിയായി പക്ഷിപ്പനി മാറിയിരുന്നെങ്കിലും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നത് തടഞ്ഞു.

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ‘Avian flu, Bird flu’. സാധാരണയായി പക്ഷികളില്‍ വരുന്ന ഒരുതരം വൈറല്‍ പനിയാണിത്. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. ഇത് മനുഷ്യരിലേക്കും പടരാനുള്ള സാധ്യതകളുണ്ട്. പെട്ടന്ന് പടര്‍ന്നുത് പക്ഷികള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമാകുന്നു. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്സോ വൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം.