ബുറേവി ചുഴലിക്കാറ്റ് പ്രവചനത്തെയും മുന്നൊരുക്കങ്ങളെയും പരിഹസിക്കേണ്ടതില്ല; ദുരന്ത ചരിത്രങ്ങള്‍ മറക്കരുത്

കൊച്ചി: ബുറേവി ചുഴലിക്കാറ്റ് ആശങ്ക കേരളാ തീരത്ത് നിന്ന് മാറിയതിന് പിന്നാലെ കാലാവസ്ഥാ പ്രവചനങ്ങളെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില് ട്രോളുകള് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല് ഇത്തരം ട്രോളുകള്ക്ക് മുന്പ് ദുരന്ത ചരിത്രങ്ങള് ഓര്മ്മിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് അബ്ദുള് റഷീദിന്റെ ഫേസ്ബുക്ക് കുറിപ്പ്. മുന്നൊരുക്കങ്ങളും പ്രവചനങ്ങളും പരാജയമല്ലെന്നും ഇത്തരം ട്രോളുകള് അനാവശ്യമാണെന്നും ദുരന്ത ചരിത്രങ്ങളെ ഉദ്ധരിച്ച് അബ്ദുള് റഷീദ് സമര്ത്ഥിക്കുന്നു. അബ്ദുള് റഷീദ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. കാറ്റും പ്രവചനവും മുന്നൊരുക്കവും: ഓർമകൾ ഉണ്ടായിരിക്കണം നവംബർ 3, 1970 അൻപതു
 | 
ബുറേവി ചുഴലിക്കാറ്റ് പ്രവചനത്തെയും മുന്നൊരുക്കങ്ങളെയും പരിഹസിക്കേണ്ടതില്ല; ദുരന്ത ചരിത്രങ്ങള്‍ മറക്കരുത്

കൊച്ചി: ബുറേവി ചുഴലിക്കാറ്റ് ആശങ്ക കേരളാ തീരത്ത് നിന്ന് മാറിയതിന് പിന്നാലെ കാലാവസ്ഥാ പ്രവചനങ്ങളെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ട്രോളുകള്‍ക്ക് മുന്‍പ് ദുരന്ത ചരിത്രങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് അബ്ദുള്‍ റഷീദിന്റെ ഫേസ്ബുക്ക് കുറിപ്പ്. മുന്നൊരുക്കങ്ങളും പ്രവചനങ്ങളും പരാജയമല്ലെന്നും ഇത്തരം ട്രോളുകള്‍ അനാവശ്യമാണെന്നും ദുരന്ത ചരിത്രങ്ങളെ ഉദ്ധരിച്ച് അബ്ദുള്‍ റഷീദ് സമര്‍ത്ഥിക്കുന്നു.

അബ്ദുള്‍ റഷീദ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

കാറ്റും പ്രവചനവും മുന്നൊരുക്കവും:
ഓർമകൾ ഉണ്ടായിരിക്കണം
നവംബർ 3, 1970

അൻപതു വർഷം മുൻപ്, ബംഗ്ലാദേശിൽ ഭോല ചുഴലിക്കാറ്റ്. അന്ന് കിഴക്കൻ പാകിസ്ഥാൻ. അഞ്ചു ലക്ഷം മനുഷ്യരുടെ ജീവനാണ് കാറ്റും കടലും ചേർന്നു വിഴുങ്ങിയത്! മരണക്കാറ്റുകളുടെ ചരിത്രത്തിലെ വലിയ ദുരന്തം.

ആരും ഒരു മുന്നറിയിപ്പും ആർക്കും നൽകിയിരുന്നില്ല. നൽകാനുള്ള മുന്നറിയിപ്പുകൾ ആരുടെയും പക്കൽ ഇല്ലായിരുന്നുവെന്ന് പറയുന്നതാകും ശരി. ഉപഗ്രഹ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ ശൈശവ ദശയിലായിരുന്നു. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിയത് പിന്നെയും അഞ്ചു കൊല്ലം കഴിഞ്ഞാണ്. കിട്ടിയ ചെറിയ മുന്നറിയിപ്പുകൾ അന്നത്തെ കിഴക്കൻ പാക് ഭരണകൂടം അവഗണിക്കുകയും ചെയ്തു. ആ അനാസ്ഥ അന്താരാഷ്ട്രതലത്തിൽ തന്നെ വിമർശിക്കപ്പെട്ടു. ഒരർഥത്തിൽ പാക് ഭരണത്തെ തൂത്തെറിഞ്ഞു ബംഗ്ലദേശ് സ്വാതന്ത്രമാകാൻതന്നെ ആ ദുരന്തം പരോക്ഷ കാരണമായി.

1999 ഒക്ടോബർ 25
ഒറീസ ചുഴലിക്കാറ്റ്.

ഔദ്യോഗിക മരണസംഖ്യ 9887. അനൗദ്യോഗിക കണക്ക് മുപ്പതിനായിരം. മതിയായ വിവരങ്ങൾ നേരത്തേ കിട്ടിയിട്ടും അത് ജനങ്ങളിൽ എത്തിക്കാനോ വേണ്ടത്ര ആളുകളെ ഒഴിപ്പിക്കാനോ കഴിയാതിരുന്ന സംവിധാനങ്ങൾക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നു. കൂടുതൽ ശാസ്ത്രീയവും പ്രായോഗികവുമായ മുന്നറിയിപ്പ് രീതി വേണ്ടതുണ്ടെന്ന് രാജ്യമാകെ വിലയിരുത്തി. നമ്മുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളിൽത്തന്നെ ചില മാറ്റങ്ങൾക്ക് ആ ദുരന്തം കാരണമായി.

2017 നവംബർ 30

ഓഖി ചുഴലി. കേരളത്തിൽ ആൾനാശം ഔദ്യോഗിക കണക്കിൽ 89. തമിഴ്‌നാട്ടിൽ 203. ഏറെ മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിട്ടും മനുഷ്യജീവനുകൾ നഷ്ടമായതിനെ ചൊല്ലി വലിയ വിവാദം. കേന്ദ്ര കാലാവസ്ഥാ വകുപ്പിനും സംസ്ഥാന ഭരണകൂടങ്ങൾക്കും വിമർശനം. മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ സൂക്ഷ്മമാക്കാൻ നടപടികൾ. ആഭ്യന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ പോരെങ്കിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ സേവനം പണം നൽകി ലഭ്യമാക്കാൻപോലും കേരള സർക്കാരിന്റെ ആലോചന. കാറ്റിന്റെ ഗതി പ്രവചിക്കുന്ന മോഡലുകൾ അടക്കം കൂടുതൽ ശാസ്ത്രീയമാക്കാൻ കേന്ദ്ര തലത്തിൽ നടപടി.

2020 നവംബർ 25

തമിഴ്‌നാട് തീരത്ത് നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. നവംബർ 21 ന് തന്നെ കാറ്റിന്റെ വരവും ഗതിയും വേഗവും IMD പ്രവചിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ ഉണർന്നു. ഇരുപതിനായിരം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. പ്രവചിച്ചതുപോലെ കാറ്റ് വന്നു. മരം വീണും മതിൽ ഇടിഞ്ഞും മരിച്ച മൂന്നു പേർ ഒഴിച്ചാൽ മറ്റ് ആൾ നാശമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിനും തമിഴ്‌നാട് ഭരണകൂടത്തിനും അഭിനന്ദനം.

2020 ഡിസംബർ 2

ആൻഡമാൻ കടലിലെ ന്യുനമർദം ബുറെവി ചുഴലിയായി ആദ്യം വടക്കൻ ലങ്കയെയും പിന്നീട് തമിഴ്നാടിനെയും കേരളത്തെയും ബാധിച്ചേക്കാമെന്ന് ഒരാഴ്ച മുൻപുതന്നെ IMD പ്രവചനം. അന്താരാഷ്‌ട്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും സമാന മുന്നറിയിപ്പ് നൽകി. കാറ്റ് രണ്ടാമത് കര തൊടാൻ സാധ്യതയുള്ള തമിഴ്‌നാടിനും സമീപത്തുള്ള കേരളത്തിനും വ്യക്തമായ IMD മുന്നറിയിപ്പുകൾ ഓരോ രണ്ടു മണിക്കൂറിലും വന്നുകൊണ്ടിരുന്നു. സർക്കാർ സംവിധാനങ്ങൾ ഉണർന്നു. ഓഖി ദുരന്തം മറക്കാത്ത കേരളം ഒരു പടി കടന്നുള്ള മുൻ കരുതലുകൾ എടുത്തു. ഏഴു ജില്ലകളിൽ കണ്ട്രോൾ റൂം. തീരങ്ങളിൽ അതി ജാഗ്രത. ഓരോ ജില്ലയ്ക്കും ഏകോപന ചുമതല മന്ത്രിമാർക്ക്. കോവിഡ് കാലമായിട്ടുപോലും അടിയന്തിര ചികിത്സാ സംവിധാനങ്ങൾ ഒരുങ്ങി. എമർജൻസി കിറ്റുകൾ തയാറാക്കിയിരിക്കാൻ തീരങ്ങളിൽ അറിയിപ്പ്. മത്സ്യബന്ധനം തടഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന നിലയുറപ്പിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉറക്കമില്ലാതെ പ്രവർത്തിച്ചു. രാത്രി രണ്ടരയ്ക്കു പോലും വിശദമായ വാണിംഗ് ഇറങ്ങി. കേരള തീരത്തിന് ഒരു ഘട്ടത്തിൽ സൈക്ളോൺ റെഡ് അലർട്ട്. ഓരോ വിവരവും അതാത് സമയം മാധ്യമങ്ങൾ ജനങ്ങളിൽ എത്തിച്ചു. നാട് ജാഗരൂകമായി.

രണ്ടു പ്രളയങ്ങൾ അനുഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര ജല കമ്മീഷനും നൽകിക്കൊണ്ടിരുന്നു മുന്നറിയിപ്പുകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഭ്യന്തര സംവിധാനങ്ങൾക്കൊപ്പം ആഗോള ഏജൻസികളുടെ വിവരങ്ങളും പങ്കുവെച്ചു. ഓരോ മിനിട്ടിലും ഉപഗ്രഹ ചിത്രങ്ങളിൽ കാറ്റിന്റെ സഞ്ചാര പാത തെളിഞ്ഞു.

പ്രവചിക്കപ്പെട്ട അതേ പാതയിൽ ന്യൂനമർദം വന്നു. പ്രവചിക്കപ്പെട്ടതുപോലെ അത് ചുഴലിയായി. ആദ്യം ബാധിച്ച ലങ്കയിൽ 15000 പേരെ അവർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ജാഫ്‌നയിലും മുല്ലൈതീവിലും മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു. മുൻകരുതൽ അനുസരിച്ചു ആളുകളെ ഒഴിപ്പിച്ചിരുന്നതിനാൽ ജീവാപായം ഇല്ല.

പല ഏജൻസികളും പറഞ്ഞതുപോലെ കാറ്റ് ആദ്യ കര തൊടലിന് ശേഷം ദുർബലമായി. പിന്നീട് പ്രതീക്ഷിച്ചതിലും വേഗത്തിൽ കാറ്റ് ന്യുനമാർദമായി. ഇനി കര തൊട്ടാലും പേടി വേണ്ട എന്ന അവസ്ഥയായി. എല്ലാവർക്കും ആശ്വാസം.

പക്ഷേ, ശരാശരി മലയാളിയുടെ ധാർമിക രോഷം ഉണർന്നു. കാലാവസ്ഥാ കേന്ദ്രത്തിലെ ‘മണ്ടന്മാരെ’പറ്റി ടൈംലൈനിൽ പ്രബന്ധങ്ങൾ നിരന്നു. മതിയായ മുൻകരുതൽ ഒരുക്കിയ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ‘തള്ളുകാരായി’. ഉറക്കമൊഴിച്ചിരുന്ന ജില്ലാ കലക്റ്റർമാർക്ക് വരെ പരിഹാസം. ദുരന്തം ഒഴിഞ്ഞതിൽ മാധ്യമ പ്രവർത്തകർക്ക് ദുഃഖമെന്ന് ചില മഹാൻമാർ. മാധ്യമ പ്രവർത്തകർ മനുഷ്യരല്ലല്ലോ. അവർക്ക് വീടും കുടുംബവുമൊന്നും ഇല്ല!

അനുദിനം വളരുന്ന മേഖലയാണ് കാലാവസ്ഥാ പ്രവചനം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ തന്നെ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഇന്ത്യൻ സമുദ്ര കാലാവസ്ഥയുടെ പ്രവചനം. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ഇക്കാലത്ത് കാറ്റും മഴയും വെയിലുമൊക്കെ പലപ്പോഴും പ്രവചനങ്ങൾക്ക് അപ്പുറമാകുന്നുമുണ്ട്. ലോകത്ത് ഏതു വികസിത രാജ്യത്തും. എന്നിട്ടും നൂറു കണക്കിന് മാപിനികളിലൂടെ, ഉപഗ്രഹങ്ങളിലൂടെ, റഡാറുകളിലൂടെ, കംപ്യുട്ടർ മോഡലുകളിലൂടെ കൂട്ടിയും കിഴിച്ചും ഏറെക്കുറെ കൃത്യമായ പ്രവചനങ്ങൾ ഇന്ന് നമുക്ക് സാധ്യമാകുന്നുണ്ട്. ശാസ്ത്രത്തിന്റെയും സംവിധാനങ്ങളുടെയും വളർച്ചയാണത്. പുതിയ വെല്ലുവിളികൾ നേരിടാൻ നമ്മൾ ഇനിയും വളരേണ്ടതുണ്ട് എന്നതും സത്യം.

എങ്കിലും

അൻപതു കൊല്ലത്തിനിടെ, അഞ്ചു ലക്ഷത്തിൽ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്ന കൊടുങ്കാറ്റ് മരണസംഖ്യ ഒരു നേട്ടം തന്നെയാണ്. 7516 കിലോമീറ്റർ കടൽത്തീരവും അവിടെ ജീവിക്കുന്ന 25 കോടി മനുഷ്യരുമുള്ള ഒരു രാജ്യത്തെ സംന്ധിച്ചാകുമ്പോൾ വിശേഷിച്ചും. ഇവിടെ, ഒരു മുന്നറിയിപ്പും പരാജയമല്ല, ഒരു മുന്നൊരുക്കവും പരിഹസിക്കപ്പെടേണ്ടതല്ല, ഭാവിയിലും ഒരു കാറ്റും അവഗണിക്കപ്പെടേണ്ടതുമല്ല!