ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം, തിങ്കളാഴ്ച വോട്ടെടുപ്പ്

സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം.
 | 
ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം, തിങ്കളാഴ്ച വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 24-ാം തിയതി വോട്ടെണ്ണല്‍ നടക്കും. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണം മൂലമാണു മഞ്ചേശ്വരത്ത് ഒഴിവ് വന്നത്.

ശബരിമല തന്നെയായിരുന്നു പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്ന വിഷയം. ഒടുവില്‍ ഇത് മാര്‍ക്ക് ദാനത്തിലേക്ക് വഴിമാറുന്നതാണ് കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ നടത്തിയ അട്ടിമറിയുടെ ആത്മവിശ്വാസവുമായെത്തിയ എല്‍ഡിഎഫിനെ ഇത് പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. നാലിടത്ത് സിറ്റിംഗ് സീറ്റുകളിലേക്കുള്ള മത്സരമായതിനാല്‍ യുഡിഎഫ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്. ഇതിനിടയില്‍ വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അഞ്ച് മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ ഇത്തവണ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കോന്നിയില്‍ ശബരിമല വിഷയം തന്നെയാണ് ബിജെപിയുടെ ആയുധം. എന്നാല്‍ ബിഡിജെഎസ് വോട്ടുകള്‍ എവിടെയായിരിക്കും വീഴുകയെന്ന് ബിജെപിക്ക് ആശങ്കയുണ്ട്.