ശിവശങ്കറിനെതിരായ കസ്റ്റംസ് കേസ് ഡോളര്‍ കടത്തിന്; അറസ്റ്റിന് നീക്കമെന്ന് സൂചന; കേസില്‍ ഒന്നാം പ്രതി സ്വപ്ന

മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസ് ഡോളര് കടത്തിയതിന്.
 | 
ശിവശങ്കറിനെതിരായ കസ്റ്റംസ് കേസ് ഡോളര്‍ കടത്തിന്; അറസ്റ്റിന് നീക്കമെന്ന് സൂചന; കേസില്‍ ഒന്നാം പ്രതി സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസ് ഡോളര്‍ കടത്തിയതിന്. സ്വപ്‌ന ഒന്നാം പ്രതിയായ കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു ഇന്നലെ കസ്റ്റംസ് നീക്കം നടത്തിയത്. തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനും കൊച്ചിയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുമായിരുന്നു നീക്കം. 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്ന കേസില്‍ സരിത്തും സന്ദീപ് നായരും പ്രതികളാണ്.

ഈ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഡോളര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വന്‍ സമ്മര്‍ദ്ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഇതു സംബന്ധിച്ചുള്ള രേഖകള്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഡോളര്‍ കടത്ത്, സ്വപ്‌നയുടെ ലോക്കര്‍ ഇടപാട്, സ്വര്‍ണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് ശിവശങ്കരിനെതിരെ അന്വേഷണം നടക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവശങ്കര്‍ ചികിത്സയില്‍ തുടരുകയാണ്.