ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ; റിപ്പോര്‍ട്ട് നല്‍കി

നെയ്യാറ്റിന്കരയിലെ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ റിപ്പോര്ട്ട്.
 | 
ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ; റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. ശ്രീജിവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശാസ്ത്രീയ തെളിവുകളും ആത്മഹത്യാക്കുറിപ്പും ചൂണ്ടിക്കാട്ടിയാണ് സിബിഐ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആറ്റിങ്ങലില്‍ ശ്രീജിവ് താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശ്രീജിവ് വിഷം കഴിച്ചതിന് സാക്ഷിയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ഡോക്ടര്‍മാരോട് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ശ്രീജിവ് പറഞ്ഞിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കാമുകിക്ക് ഒരു സര്‍പ്രൈസ് കൊടുക്കുമെന്ന് സുഹൃത്തിനോട് ശ്രീജിവ് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പോലീസിന് ഈ കേസില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.

കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശ്രീജിവിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് സൂക്ഷിക്കാന്‍ അനുവദിച്ചുവെന്നും ബാഗില്‍ വിഷമുണ്ടായിരുന്നുവെന്നും സിബിഐ അറിയിച്ചു. പ്രതിയെ ദേഹപരിശോധന നടത്താതിരുന്നതിന് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സിഐ ഗോപന്‍, എസ്‌ഐ ബിജുകുമാര്‍, ഗ്രേഡ് എസ്‌ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍ എന്നിവര്‍ക്കെതിരായണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അതേസമയം സിബിഐ പോലീസുമായി ഒത്തുകളിക്കുകയാണെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. പോലീസ് കൊലപാതകമാണ് നടത്തിയത്. സിബിഐ തങ്ങളില്‍ നിന്ന് മൊഴിയെടുക്കുകയോ തെളിവ് ശേഖരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറെക്കാലം ശ്രീജിത്ത് നിരാഹാര സമരം നടത്തിയിരുന്നു. അതിന് ശേഷമാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.