ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കും

ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച കേസില് നുണ പരിശോധന നടത്താന് അനുമതി തേടി സിബിഐ.
 | 
ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കും

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ നുണ പരിശോധന നടത്താന്‍ അനുമതി തേടി സിബിഐ. കലാഭവന്‍ സോബിയേയും പ്രകാശ് തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കും. കലാഭവന്‍ സോബി നടത്തിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സോബിയെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന് സോബി പറഞ്ഞിരുന്നു. താന്‍ ഇതിന് സാക്ഷിയാണെന്നായിരുന്നു സോബിയുടെ അവകാശവാദം. സോബിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും പരിശോധനയില്‍ ഇവ അടിസ്ഥാനമില്ലാത്തവയാണെന്ന് വ്യക്തമായെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേസില്‍ പ്രകാശ് തമ്പിയെയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും ജ്യൂസ് കുടിച്ച കടയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത് പ്രകാശ് തമ്പിയാണ്. ഇത് വിവാദമായിരുന്നു. പ്രകാശ് തമ്പിയുടെ നിര്‍ദേശം അനുസരിച്ചാണ് ബാലഭാസ്‌കര്‍ രാത്രിയില്‍ തന്നെ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചതെന്നും വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധന.