ചമ്പക്കുളം മൂലം വള്ളംകളി ഉപേക്ഷിച്ചു; നെഹ്‌റു ട്രോഫിയും ചാംപ്യന്‍സ് ബോട്ട് ലീഗും ഉപേക്ഷിച്ചേക്കും

ശനിയാഴ്ച നടത്താനിരുന്ന ചമ്പക്കുളം മൂലം വള്ളംകളി ഉപേക്ഷിച്ചു.
 | 
ചമ്പക്കുളം മൂലം വള്ളംകളി ഉപേക്ഷിച്ചു; നെഹ്‌റു ട്രോഫിയും ചാംപ്യന്‍സ് ബോട്ട് ലീഗും ഉപേക്ഷിച്ചേക്കും

ആലപ്പുഴ: ശനിയാഴ്ച നടത്താനിരുന്ന ചമ്പക്കുളം മൂലം വള്ളംകളി ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കുട്ടനാട്ടിലെ വള്ളംകളി സീസണിന് തുടക്കം കുറിക്കുന്ന ചമ്പക്കുളം വള്ളംകളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 4 ശനിയാഴ്ചയായിരുന്നു ഈ വര്‍ഷത്തെ വള്ളംകളി നടത്താനിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇത് മാറ്റിവെച്ചതായി കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ.വിജയസേനന്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയും ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളും ഉപേക്ഷിച്ചേക്കും. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജി.അഭിലാഷ്‌കുമാറാണ് ഇക്കാര്യം അറിയിച്ചത്. സിബിഎല്‍ ടീമുകളെ പ്രഖ്യാപിക്കുന്ന നടപടികള്‍ പോലും കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയിരിക്കുകയാണ്. നൂറിലേറെ തുഴക്കാരെ ഉപയോഗിച്ച് വള്ളങ്ങള്‍ തുഴയുകയെന്നത് പുതിയ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് ബോട്ട് ക്ലബ്ബുകളും വ്യക്തമാക്കുന്നു.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുടെ വാര്‍ഷിക ദിനമായ മിഥുനമാസത്തിലെ മൂലം നാളിലാണ് ചമ്പക്കുളം വള്ളംകളി നടക്കുന്നത്. കുട്ടനാട്ടിലെ വള്ളംകളി സീസണ്‍ ആരംഭിക്കുന്നതും ഈ ജലോത്സവത്തോടെയാണ്. ഇത്തവണ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് ചടങ്ങുകള്‍ മാത്രം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ചുണ്ടന്‍വള്ളം മാത്രം പങ്കെടുക്കുന്ന ജലഘോഷയാത്ര മാത്രം നടത്തും.

വള്ളത്തില്‍ മൂന്നിലൊന്ന് തുഴക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളു. സാധാരണ 100ഓളം തുഴക്കാരാണ് ഒരു ചുണ്ടന്‍വള്ളത്തില്‍ ഉണ്ടാവുക. ഇത്രയും പേര്‍ പങ്കെടുത്താല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്തതിനാലാണ് തുഴക്കാരെ കുറച്ചതെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. വള്ളംകളി കാണാനും ആയിരങ്ങള്‍ എത്തുമെന്നതിനാലാണ് ചടങ്ങുകളില്‍ മാത്രമാക്കി വള്ളംകളി ചുരുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.