ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു

ആനക്കൊമ്പ് വീട്ടില് സൂക്ഷിച്ച കേസില് മോഹന്ലാലിനെ പ്രതിചേര്ത്ത് കുറ്റപത്രം സമര്പ്പിച്ചു.
 | 
ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. വനം വകുപ്പാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആനക്കൊമ്പ് കൈമാറ്റം ചെയ്യുന്നതും കൈവശം വെക്കുന്നതും വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകൃത്യമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. കേസ് എന്തു കൊണ്ടാണ് തീര്‍പ്പാക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചിരുന്നു.

2012ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചത്. ഇതിന് ശേഷം മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയില്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ അന്നത്തെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുമതി നല്‍കിയിരുന്നു.

ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഏലൂര്‍ സ്വദേശി വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മോഹന്‍ലാലിനും തിരുവഞ്ചൂരിനും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.