കേരള തീരത്ത് അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കി; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ചെന്നിത്തല

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
 | 
കേരള തീരത്ത് അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കി; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ചെന്നിത്തല

ആലപ്പുഴ: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് കേരള തീരത്ത് മത്സ്യബന്ധനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ചെന്നിത്തല പറഞ്ഞു. ഇതിനായി 5000 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കി. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ഇഎംസിസിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഇതനുസരിച്ച് 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും തീരക്കടലില്‍ മത്സ്യബന്ധനം നടത്തും. സ്പ്രിംഗ്ലര്‍, ഇ-മൊബിലിറ്റി പദ്ധതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് ഇതില്‍ നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് മന്ത്രിസഭയിലോ എല്‍ഡിഎഫിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

ഈ ഗൂഢാലോചനയ്ക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് നേതൃത്വം നല്‍കുന്നത്. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഢാലോചനയാണ് നടത്തിയതെന്നും 2018ല്‍ ഇഎംസിസി പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാറെന്നും ചെന്നിത്തല പറഞ്ഞു. കരാറിന് ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.