പിണറായി മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതിയെന്ന് ചെന്നിത്തല

പിണറായി വിജയന് കോവിഡിന്റെ മറവില് മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളില് ഒരാളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
 | 
പിണറായി മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയന്‍ കോവിഡിന്റെ മറവില്‍ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളില്‍ ഒരാളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ മറവില്‍ ജനാധിപത്യ അവകാശങ്ങള്‍ കുഴിച്ചു മൂടുകയാണ് ഏകാധിപതികളായ ഭരണാധികാരികള്‍. ലോകത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്ന കാലമാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്.

അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികള്‍ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡേറ്റ വിറ്റു കാശാക്കുമായിരുന്നു.

കോടതിയും പ്രതിപക്ഷവും വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ അവസാനം വരെ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പിടിച്ചുനിന്നു. സര്‍ക്കാര്‍ ഇപ്പോള്‍ എട്ട് കാര്യങ്ങളില്‍ പിന്നോക്കം പോയിരിക്കുകയാണ്. രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.